‘ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റാൻ’ മെറ്റാ ജീവനക്കാരൻ ചെയ്തത് കണ്ടോ..! ചിലവായത് 2.4 കോടി രൂപ

ലോകം ചുറ്റാൻ ആഗ്രഹമില്ലാത്തവരുണ്ടോ..? ഉണ്ടാവാൻ തരമില്ല, എന്നാൽ, അതിന് സമയവും അതിലേറെ പണവും വേണ്ടതായുണ്ട്. പണമുണ്ടായിട്ടും ജോലിത്തിരക്കും മറ്റും കാരണം, സമയമില്ലാത്തതിന്റെ പ്രശ്നം ആനുഭവിക്കുന്ന യാത്രാ പ്രിയർ ഏറെയുണ്ട്. എന്നാൽ, 28-കാരനായ ഓസ്റ്റിൻ വെൽസ് അതിന് ഏവരെയും അസൂയപ്പെടുത്തുന്ന ഒരു കിടിലൻ പോംവഴി കണ്ടെത്തി. യു.എസിലെ സാൻഡിയാഗോ സ്വദേശിയായ വെൽസ് ഇനി ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റാൻ പോവുകയാണ്.

മെറ്റാ റിയാലിറ്റി ലാബ്സിലെ ജീവനക്കാരനാണ് വെൽസ്. ഉലകം ചുറ്റി ജോലി ചെയ്യുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വെൽസ് ചെയ്തത് എന്താണെന്ന് അറിയുമോ..? എം.വി നാരറ്റീവ് (MV Narrative) എന്ന അത്യാഡംബര മെഗാ ക്രൂയിസ് കപ്പലിലെ ഒരു സ്റ്റുഡിയോ അപാർട്ട്മെന്റ് ലീസിനെടുത്തു. അതും 12 വർഷത്തേക്ക്..! 500-ലധികം പ്രൈവറ്റ് മുറികളും അപ്പാർട്ടുമെന്റുകളും ഉൾക്കൊള്ളുന്ന ഭീമൻ കപ്പലാണ് എം.വി നാരറ്റീവ്.

മെറ്റ അനുവദിച്ച റിമോട്ട് വർക്കാണ് വെൽസിന് ഗുണമായത്. ഓഫീസിൽ പോകേണ്ട ആവശ്യമില്ലാത്തതിനാൽ, ഇന്റർനെറ്റ് ലഭ്യതയുള്ള ലോകത്തിന്റെ ഏത് കോണിലിരുന്നും വെൽസിന് തന്റെ ജോലി ചെയ്യാം.

Image: CNBC

ദിനചര്യകളിൽ യാതൊരു മാറ്റവും വരുത്താതെ, പുതിയ രാജ്യങ്ങളും അവിടുത്തെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ കഴിയുമെന്നതാണ് തന്നെ ഏറെ ആവേശഭരിതനാക്കുന്നതെന്ന് വെൽസ് സി.എൻ.ബി.സിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘സാധാരണഗതിയിൽ നിങ്ങൾക്കെവിടെയെങ്കിലും യാത്ര പോകണമെങ്കിൽ ബാഗ് പാക്ക് ചെയ്യണം, വിമാനത്തിൽ കയറണം, റൂം വാടകയ്ക്കെടുക്കണം. എന്നാലിവിടെ, എന്റെ ജിമ്മും എന്റെ ഡോക്ടർമാരും ഡെന്റിസ്റ്റുകളും എന്തിന് ഗ്രോസറി സ്റ്റോറുകൾ വരെ എന്റെ കൂടെ ലോക യാത്ര ചെയ്യുകയാണ്’’. - വെൽസ് പറയുന്നു.

എത്ര രൂപ ചിലവായി...??

വെൽസിന് എം.വി നാരറ്റീവിൽ കാത്തിരിക്കുന്ന റൂം

ഇത്രയും ഭാഗ്യം ചെയ്ത മനുഷ്യനെയോർത്ത് കണ്ണ് തള്ളാൻ വരട്ടെ, ഈ സാഹസികത നിറഞ്ഞ ആഡംബരതയ്ക്കായി ഓസ്റ്റിൻ വെൽസിന് ചിലവായ തുക 2.4 കോടി രൂപയാണ്. എം.വി നാരറ്റീവിലെ എൻട്രി ലെവൽ സ്റ്റുഡിയോ അപാർട്ട്മെന്റാണ് തന്റെ ആഗ്രഹം സഫലീകരിക്കാനായി വെൽസ് 12 വർഷത്തേക്ക് ലീസിനെടുത്തത്. 237 ചതുരശ്ര അടി വിസ്തീർണ്ണമാണ് സ്റ്റുഡിയോക്കുള്ളത്.

ആഡംബര കപ്പലിന് അകത്ത് നിന്നുള്ള ഒരു കാഴ്ച

കപ്പലിൽ അതുപോലുള്ള 11 തരം അപാർട്ട്മെന്റുകളുണ്ട്. അതിൽ ഏറ്റവും ആഡംബരത നിറഞ്ഞ വീടിന്റെ പേര് ‘ഗ്ലോബൽ’ എന്നാണ്. 1,970 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഗ്ലോബലിൽ’ നാല് കിടപ്പുമുറികളും ഒരു ഡൈനിങ് ഏരിയയും രണ്ട് കുളിമുറികളും ഒരു ബാൽക്കണിയുമുണ്ട്.

കപ്പലിന് അകത്തുള്ള ഒരു സ്വിമ്മിങ് പൂൾ


Tags:    
News Summary - Meta employee did this to 'travel the world while working'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.