വിൻഡോസിന് പകരം ഇനി ‘മായ ഓപറേറ്റിങ് സിസ്റ്റം’; പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ത്..? അറിയാം...

സമീപകാലത്തായി വർധിച്ചുവരുന്ന മാൽവെയർ, റാൻസംവയർ ഭീഷണികളും മറ്റ് സൈബർ ആക്രമണങ്ങളും പ്രതിരോധിക്കാനായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പുതിയ ഓപറേറ്റിങ് സിസ്റ്റവുമായി രംഗത്തുവന്നിരിക്കുകയാണ്. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരം ‘മായ’ എന്ന പേരിലുള്ള തദ്ദേശീയ ഒ.എസാണ് മന്ത്രാലയത്തിന്റെ കീഴിൽ വികസിപ്പിച്ചിരിക്കുന്നത്.

ഇന്റർനെറ്റ് കണക്റ്റുചെയ്‌ത തങ്ങളുടെ എല്ലാ കമ്പ്യൂട്ടറുകളിലും വിൻഡോസിന് പകരം ‘മായ’ ഒ.എസ് ഇൻസ്റ്റാൾ ചെയ്യാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ, എന്താണ് മായ ഒ.എസ്, അത് വിൻഡോസിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത് നമ്മുടെ സൈന്യത്തിന് എങ്ങനെ പ്രയോജനം ചെയ്യും, ആരാണ് ഇതിന് പിന്നിൽ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ താഴെ...

എന്താണ് മായ ഒ.എസ്?

സ്വതന്ത്രവും അതേസമയം ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും ഉപയോഗിക്കുന്ന ജനപ്രിയ ലിനക്‌സ് വിതരണമായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മായ ഒഎസ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി) എന്നിവയുൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് പ്രതിരോധ മന്ത്രാലയം മായ ഒ.എസ് വികസിപ്പിച്ചെടുത്തത്.

വിൻഡോസിനു സമാനമായ ഇന്റർഫേസും പ്രവർത്തനക്ഷമതയും ഉള്ളതിനാൽ എളുപ്പത്തിൽ മനസിലാക്കാനും ഉപയോഗിക്കാനും കഴിയുമെന്നതാണ് മായ ഒഎസിന്റെ ഒരു പ്രധാന ഗുണം. ചക്രവ്യൂഹ് എന്നൊരു സവിശേഷതയും മായ ഒ.എസിലുണ്ട്, അത് ഒരു എൻഡ്-പോയിന്റ് ആന്റി-മാൽവെയർ, ആന്റിവൈറസ് സോഫ്‌റ്റ്‌വെയറാണ്, അത് ഉപയോക്താവിനും ഇന്റർനെറ്റിനും ഇടയിൽ ഒരു വെർച്വൽ ലെയർ സൃഷ്‌ടിക്കുകയും സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഹാക്കർമാരെ തടയുകയും ചെയ്യുന്നു.

എന്താണ് ഉബുണ്ടു, അത് വിൻഡോസിനേക്കാൾ സുരക്ഷിതമാണോ..?

ലിനക്സ് അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു, ഉയർന്ന സുരക്ഷയ്ക്ക് പേരുകേട്ടതാണ് ഈ ഒ.എസ്. ഈ കാരണങ്ങൾ കൊണ്ട് വലിയൊരു യൂസർ ബേസിനെയുണ്ടാക്കാൻ ഉബുണ്ടുവിന് കഴിഞ്ഞിട്ടുണ്ട്. വിൻഡോസിൽ നിന്നുള്ള പ്രധാന വ്യത്യാസം ഉബുണ്ടുവിൽ മാൽവെയർ ആക്രമണങ്ങൾ വളരെ കുറവാണ് എന്നുള്ളതാണ്.

കാരണം, വിൻഡോസിലുള്ള ഒട്ടനവധി ഫീച്ചറുകളും സേവനങ്ങളും മാൽവെയറുകൾ എളുപ്പം കടന്നുകൂടാൻ സഹായിക്കുന്ന തരത്തിലുള്ളതാണ്. ഉബുണ്ടുവിൽ ഫീച്ചറുകൾ താരതമ്യേന കുറവാണെങ്കിലും അത് സൈബർ സുരക്ഷയ്ക്ക് സഹായകരമാവുന്നു.

സ്വതന്ത്രവും ഓപ്പൺ സോഴ്‌സായും വിതരണം ചെയ്യപ്പെടുന്ന ഒ.എസാണ് ഉബുണ്ടു, അതുകൊണ്ട് തന്നെ, ആർക്കും അതിന്റെ കോഡ് പരിശോധിക്കാനും പരിഷ്‌ക്കരിക്കാനും മെച്ചപ്പെടുത്താനും കഴിയും. ഒരു ഓപറേറ്റിങ് സിസ്റ്റം എന്ന നിലയിൽ അതിന്റെ വികസനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകുന്ന ആയിരക്കണക്കിന് ഡെവലപ്പർമാരുടെയും ഉപയോക്താക്കളുടെയും കൂട്ടായ പരിശ്രമങ്ങളിൽ നിന്ന് നിന്ന് പ്രയോജനം നേടാൻ ഇക്കാര്യം ഉബുണ്ടുവിനെ അനുവദിക്കുന്നു.

ഇതൊന്നും പേരാതെ, ഉബുണ്ടുവിന് ഒരു ബിൽറ്റ്-ഇൻ ഫയർവാൾ, കർശനമായ ഉപയോക്തൃ അനുമതി സംവിധാനം, സൈബർ സുരക്ഷാ ഭീഷണികളിൽ നിന്നുള്ള സംരക്ഷണത്തിന് സഹായിക്കുന്ന പതിവ് സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയുമുണ്ട്.

ആരാണ് മായ ഒഎസിന്റെ സ്രഷ്ടാക്കൾ ?

പ്രതിരോധ സംവിധാനങ്ങളെയും മറ്റും ലക്ഷ്യമിട്ടുകൊണ്ട് വിദേശ സൈബർ കുറ്റവാളികളിൽ നിന്ന് തുടർച്ചയായ ഹാക്കിങ് ശ്രമങ്ങൾ നേരിട്ടതോടെയാണ്, 2021-ൽ മായ ഒ.എസ് എന്ന ആശയത്തിലേക്ക് രാജ്യമെത്തുന്നത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിനേക്കാൾ സുരക്ഷിതവും വിശ്വസനീയവുമായ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.

വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘം ആറ് മാസത്തോളം മായ ഒഎസിൽ പ്രവർത്തിച്ചു. ഇന്ത്യൻ സോഫ്‌റ്റ്‌വെയർ കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് ഒഎസ് പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ സംഘം ആരംഭിച്ചു.

നാവിക സേന ഇതിനകം പുതിയ ഒ.എസ് പരിശോധിച്ച് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും നിലവിൽ പരിശോധിച്ചുവരികയാണ്.

എന്നാണ് മായ ഒ.എസ് ലഭ്യമായി തുടങ്ങുക ?

നിലവിൽ പരിശോധനാ ഘട്ടത്തിലുള്ള ഒ.എസ് ഉടൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സേവനങ്ങളടെയും കംപ്യൂട്ടർ സിസ്റ്റങ്ങളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങും. ഓഗസ്റ്റ് 15ന് മുമ്പ് സൗത്ത് ബ്ലോക്കിലെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലും ചക്രവ്യൂഹ സംരക്ഷണ സംവിധാനത്തോടൊപ്പം മായ ഇൻസ്റ്റാൾ ചെയ്യാനാണ് പദ്ധതി. ശേഷിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ വർഷാവസാനത്തോടെ മായ ഒഎസിലേക്ക് അപ്ഗ്രേഡ് ചെയ്യണം.

Tags:    
News Summary - Maya OS: India's Indigenous Replacement for Windows in Defense Systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.