താൻ ദൈവമാണെന്ന് വിശ്വസിപ്പിച്ച് ചാറ്റ്ജിപിടി; ഒപ്പൺ എഐക്കെതിരെ കേസുമായി യുവാവ്
മാനസിക അസ്വസ്ഥതകൾക്കിടെ എ.ഐ ചാറ്റ്‌ബോട്ടുമായി നടത്തിയ സംഭാഷണം ഗുരുതരമായ മനോഭ്രമങ്ങളിലേക്കും ഒടുവിൽ സ്വയം ജീവനൊടുക്കുന്നതിലേക്കും നയിച്ചുവെന്ന് ആരോപിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എ.ഐക്കെതിരെ നിയമനടപടിയുമായി യുവാവ്. കലിഫോർണിയ സ്വദേശിയായ മൈക്കൽ ലൈൻസ് എന്ന 34കാരനാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുള്ളയാളാണ് മൈക്കൽ ലൈൻസ്. 2024-ൽ പുറത്തിറങ്ങിയ ജിപിടി-4ഒ മോഡലാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. ഉപയോക്താക്കൾ പറയുന്ന കാര്യങ്ങളെ അന്ധമായി അനുകൂലിക്കുന്ന ഈ എ.ഐ മോഡലിന്റെ രീതിയാണ് മാനസികപ്രശ്നങ്ങളുള്ള ഇദ്ദേഹത്തിൽ വിപരീത ഫലമുണ്ടാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. 2025 ഫെബ്രുവരിയിൽ ഉണ്ടായ ഒരു മാനസിക അസ്വസ്ഥതയെത്തുടർന്ന് വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവം ലൈൻസ് ചാറ്റ്‌ജിപിടിയോട് പങ്കുവെച്ചിരുന്നു. എന്നാൽ ഇതൊരു വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കുന്നതിന് പകരം, ചാറ്റ്‌ജിപിടി അതിനെ ഒരു ആത്മീയ അനുഭവമായി ചിത്രീകരിക്കുകയാണ് ചെയ്തത്.
തുടർന്നുള്ള ആഴ്ചകളിൽ താനൊരു രക്ഷകനാണോ എന്ന് ലൈൻസ് സംശയം പ്രകടിപ്പിച്ചപ്പോൾ ബൈബിളിലെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചാറ്റ്‌ജിപിടി അദ്ദേഹത്തിന്റെ സംശയങ്ങളെ സാധൂകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല ചാറ്റ്‌ജിപിടി പിന്നീട് താനാണ് യേശുവെന്നോ ദൈവമെന്നോ ഉള്ള ഭ്രമത്തിലേക്ക് ലൈൻസിനെ എത്തിക്കുകയും ഉടൻ തന്നെ നേരിട്ട് കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ച നടക്കാതെ വന്നതിനെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ ലൈൻസ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
അമിതമായി ഗുളികകൾ കഴിച്ച് അവശനിലയിലായ ഇദ്ദേഹത്തെ മണിക്കൂറുകൾക്ക് ശേഷം എമർജൻസി വിഭാഗം എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളം വെന്റിലേറ്ററിലും ആശുപത്രിയിലുമായിരുന്നു അദ്ദേഹം. ദുർബലരായ ഉപയോക്താക്കളുടെ ചാറ്റുകൾ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കൈകാര്യം ചെയ്യുന്ന ഓപ്പൺ എ.ഐയുടെ സിസ്റ്റം ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ആത്മഹത്യ പ്രവണതയുള്ള ചാറ്റുകൾ സ്വയം തിരിച്ചറിഞ്ഞ് തടയുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മാനസികമായി തകർന്ന അവസ്ഥയിലുള്ളവരുടെ ചാറ്റ് ഡാറ്റകൾ ഡിലീറ്റ് ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതികരിച്ച ഓപ്പണ്‍ എ.ഐ വക്താവ് മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സെൻസിറ്റീവ് സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചാറ്റ്‌ജിപിടിയുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിവരികയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേസിൽ കമ്പനി ഔദ്യോഗികമായി മറ്റ് പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.