'എ.ഐ നമ്മെ എല്ലാവരെയും കൊന്നേക്കാം'; ചർച്ചയായി ആന്ത്രോപിക് ഗവേഷകന്റെ രാജി

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ എ.ഐ സ്ഥാപനമായ ആ​ന്ത്രോപിക്കിലെ ഗവേഷകൻ ജോലിയിൽ നിന്നും പടിയിറങ്ങി. ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യജീവനെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളാണ് ഇത്തരം കമ്പനികൾ നിർമിച്ചുകൊണ്ടിരിക്കുന്നതെന്ന് ജേക്കബ് കോക്സൺ എന്ന ഗവേഷകൻ മുന്നറിയിപ്പ് നൽകി. ഒപ്പൺ എ.ഐയിലും സമാനമായ രീതിയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കുന്നതിനുള്ള മത്സരത്തിൽ ഈ കമ്പനികൾ മനുഷ്യന്റെ ജീവൻ വെച്ച് ചൂതുകളിക്കുകയാണെന്ന് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി പ്രീട്രെയിനിങ് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ജേക്കബ് കോക്സൺ, ഒപ്പൺ എ.ഐയും ആ​ന്ത്രോപിക്കും യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നടിച്ചു. സ്വയം മെച്ചപ്പെടുത്തുന്ന സൂപ്പർ ഇന്റലിജൻസിലേക്ക് ഈ കമ്പനികൾ അന്ധമായി പായുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ സംവിധാനങ്ങളുടെ യഥാർത്ഥ ശക്തിയെ ആരും കുറച്ചുകാണരുതെന്നും, ഏതാനും വർഷങ്ങൾക്കുള്ളിൽ അവക്ക് ഏത് കാര്യവും ഹാക്ക് ചെയ്യാനും, ഏത് മേഖലയെയും ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാനും, യഥാർത്ഥ അധികാരവും വിഭവങ്ങളും കൈക്കലാക്കാനും കഴിയുമെന്നും അദ്ദേഹം പ്രവചിച്ചു.

ഈ ദശാവസാനത്തോടെ ഇത്തരം സൂപ്പർ ഇന്റലിജന്റ് സംവിധാനങ്ങൾ മനുഷ്യരാശിയെത്തന്നെ അവസാനിപ്പിച്ചേക്കാമെന്ന് ഇവ നിർമിക്കുന്നവർക്ക് പോലും ബോധ്യമുണ്ടെന്ന് 27 കാരനായ ഈ മുൻ ഗവേഷകൻ അവകാശപ്പെടുന്നു. പരസ്യമായി വലിയ കാര്യങ്ങൾ സംസാരിക്കുന്ന പല മുതിർന്ന ഗവേഷകരും എക്സിക്യൂട്ടീവുകളും വ്യക്തിപരമായി വലിയ ഭയമാണ് പങ്കുവെക്കുന്നതെന്ന് തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ നിലനിൽപ്പിന് ഇത്രയധികം അപകടം വരുത്തുന്ന മറ്റൊരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്ത്രോപിക്കിൽ കാര്യങ്ങളുടെ ഗൗരവം എല്ലാവർക്കും നന്നായി അറിയാമെങ്കിലും, നിയന്ത്രിക്കാനാവാത്തതും സ്വയം മെച്ചപ്പെടുത്തുന്നതുമായ ഒരു എ.ഐ സംവിധാനം ആദ്യം വികസിപ്പിച്ചെടുക്കാനുള്ള മത്സരത്തിലാണ് അവർ എന്ന് കോക്സൺ ചൂണ്ടിക്കാട്ടി. ആരും ഉത്തരവാദിത്തത്തോടെ പെരുമാറില്ല എന്ന ചിന്തയിൽ, വലിയ അപകടസാധ്യതകൾ നിലനിൽക്കെ തങ്ങൾ തന്നെ അത് ആദ്യം ചെയ്യണമെന്ന വാശിയിലാണ് ഈ കമ്പനികളെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ സംഭവം വലിയ ചർച്ചകൾക്കാണ് ഇപ്പോൾ സാങ്കേതിക ലോകത്ത് വഴിതുറന്നിരിക്കുന്നത്. 

Tags:    
News Summary - Anthropic researcher quits, issues dire warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.