'ഞങ്ങളുടെ ബാക്കി ചൂടാക്കി കഴിക്കുന്നോ?'; ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോണിനെതിരെ പരിഹാസവുമായി സാംസങ്!
ഫോൾഡബിൾ ഫോണുകളുടെ വിപണിയിലേക്ക് ആപ്പിൾ ഒടുവിൽ കാലെടുത്തു വെച്ചപ്പോൾ കടുത്ത ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എക്കാലത്തെയും എതിരാളിയായ സാംസങ്. ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡുയോ' അവതരിപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സാംസങ് കമ്പനി പരിഹാസശരങ്ങളുമായി രംഗത്തെത്തിയത്. ആൻഡ്രോയിഡ് ബ്രാൻഡുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ വിജയകരമായി നടപ്പാക്കിയ ഒരു ട്രെൻഡിലേക്ക് ആപ്പിൾ വളരെ വൈകിയെത്തിയെന്നാണ് സാംസങ്ങിന്റെ പ്രധാന വിമർശനം.
"ഞങ്ങൾ പാകം ചെയ്തു വെച്ചത് ചൂടാക്കി കഴിക്കുന്നത് എപ്പോഴാണെന്ന് ഞങ്ങളെ അറിയിക്കുക" എന്നായിരുന്നു ആപ്പിളിന്റെ ലോഞ്ച് ഇവന്റിന് പിന്നാലെ സാംസങ്ങിന്റെ യു.എസ് സോഷ്യൽ മീഡിയ ടീം എക്സിൽ കുറിച്ചത്. കാര്യങ്ങളിൽ വലിയ പുതുമയൊന്നുമില്ലെന്നും ഇത് ഏതെങ്കിലും വീഡിയോ ഗെയിമിന്റെ പുതിയ പതിപ്പ് പോലെ തോന്നിക്കുന്നുവെന്നും മറ്റൊരു പോസ്റ്റിൽ കമ്പനി പരിഹസിച്ചു. തങ്ങൾ ഇതിനകം തന്നെ മൂന്ന് മടക്കുകളുള്ള ട്രൈ-ഫോൾഡ് ഫോണുകളുടെ വികസനത്തിലേക്ക് കടന്നുകഴിഞ്ഞെന്നും ആപ്പിൾ ഇപ്പോഴാണ് ആദ്യ ഫോൾഡബിൾ ഫോണുമായി എത്തുന്നതെന്നും സാംസങ് ചൂണ്ടിക്കാണിച്ചു.2019-ൽ ആദ്യമായി ഗാലക്സി ഫോൾഡ് പുറത്തിറക്കിയ സാംസങ് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഫോൾഡബിൾ ഫോൺ വിപണിയിൽ വലിയ അനുഭവസമ്പത്താണ് നേടിയത്. ഈ കാലയളവിൽ ഡിസ്പ്ലേ ക്രീസുകളും ഹിഞ്ച് തകരാറുകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എതിരാളികളുടെ ഈ പരിഹാസങ്ങൾക്കിടയിലും, തങ്ങളുടെ പുതിയ ഫോൾഡബിൾ ഐഫോൺ തികച്ചും വ്യത്യസ്തമായ ഉപയോക്തൃ അനുഭവം നൽകുമെന്ന നിലപാടിലാണ് ആപ്പിൾ. 1,999 ഡോളർ വിലവരുന്ന ഐഫോൺ ഡുയോ മികച്ച സുരക്ഷയും ഉയർന്ന ഡാറ്റാ സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
തുറക്കുമ്പോൾ 7.6 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും കട്ടി കുറഞ്ഞ രൂപകൽപ്പനയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. എങ്കിലും വിപണിയിലെ മറ്റ് എതിരാളികളുടെ ഫോൾഡബിൾ ഫോണുകളെ അപേക്ഷിച്ച് ഇതിന്റെ ഘടന സംബന്ധിച്ച ചർച്ചകളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.