വിലക്കയറ്റവും വിപണിയിലെ തിരിച്ചടിയും; ഇന്ത്യയില്‍ ജീവനക്കാരെ വെട്ടിക്കുറക്കാൻ സാംസങ്

ജനപ്രിയ ബ്രാൻഡായ സാംസങ് ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. മെമ്മറി ചിപ്പുകളുടെ വില വർധന, രൂപയുടെ മൂല്യത്തകർച്ച, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, സ്മാർട്ട്ഫോൺ വിപണിയിലെ മാന്ദ്യം എന്നിങ്ങനെയുള്ള പ്രതിസന്ധികൾ പരിഗണിച്ചാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ടെലുവിഷൻ, ഹോം അപ്ലയൻസ്, വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് വെട്ടിച്ചുരുക്കുന്നത്. വിൽപ്പനയിലും ലാഭത്തിലും സമ്മർദ്ദം ഏറിയതോടെയാണ് കമ്പനിയുടെ ഈ കടുത്ത നടപടി.

കമ്പനിയുടെ വിവിധ വകുപ്പുകളെ ലേഓഫ് ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രോണിക്സ് ബിസിനസിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജീവനക്കാരുടെ 25 ശതമാനത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. നേരിട്ട് ജോലി ചെയ്യുന്നവരും ഏജൻസികൾ വഴി നിയമിക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ സാംസങ്ങിന് ഏകദേശം 600 എക്സിക്യൂട്ടീവുകളുണ്ട്. ഇതിനുപുറമെ വലിയൊരു സ്മാർട്ട്ഫോൺ സെയിൽസ് വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്ററുകൾ അയച്ചുകൊണ്ടിരിക്കുകയാണ്. ചില ജീവനക്കാരോട് നോട്ടീസ് കാലാവധി പോലും പൂർത്തിയാക്കാതെ ഉടനടി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി ബാധിതരായ വ്യക്തികൾ വ്യക്തമാക്കി. നഷ്ടപരിഹാരമായി മൂന്ന് മാസത്തെ ശമ്പളവും സർവീസിലെ ഓരോ വർഷത്തിനും ഒരു മാസം അധിക വേതനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സാംസങ് ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ മുക്കാൽ ഭാഗവും സ്മാർട്ട്ഫോണുകളിൽ നിന്നാണ് ലഭിക്കുന്നത്. നിലവിലുള്ള ഈ പിരിച്ചുവിടൽ നടപടികളിൽ നിന്ന് സ്മാർട്ട്ഫോൺ വിഭാഗത്തിലെ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ സീസണിൽ വിൽപ്പന വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്മാർട്ട്ഫോൺ വിഭാഗത്തെ നിലനിർത്തിയിരിക്കുന്നത്.

രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സാംസങ് ഇന്ത്യയുടെ വരുമാനം 12 ശതമാനം വർധിച്ച് 1.1 ലക്ഷം കോടി രൂപയായിരുന്നു. അറ്റാദായം 38 ശതമാനം ഉയർന്ന് 11,287 കോടി രൂപയിലെത്തുകയും ചെയ്തിരുന്നു. സ്മാർട്ട്ഫോണുകൾ കഴിഞ്ഞാൽ സാംസങ്ങിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗം ഹോം അപ്ലയൻസസ് ആണ്. ചില സ്മാർട്ട്ഫോൺ മോഡലുകളുടെ വില 5 മുതൽ 10 ശതമാനം വരെ കമ്പനി ഇതിനകം വർധിപ്പിച്ചിട്ടുണ്ട്.

ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി ഹോം അപ്ലയൻസസ്, ടെലിവിഷൻ സെയിൽസ് ടീമുകളെ ലയിപ്പിക്കാനും സാംസങ് നേരത്തെ തീരുമാനിച്ചിരുന്നു. ദീപാവലിക്ക് ശേഷം ഹോം അപ്ലയൻസസ്, ടിവി ബിസിനസ്സ് വിഭാഗങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Tags:    
News Summary - Samsung India begins to cut employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.