കുപ്പർട്ടിനോ: സ്മാർട്ട് ഫോൺ വിപണിക്ക് പിന്നാലെ സ്മാർട്ട് ഗ്ലാസ് ലോകവും കീഴടക്കാൻ ആപ്പിൾ ഒരുങ്ങുന്നു. മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് പുറത്തിറങ്ങുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തുമായി എത്തുന്ന ആപ്പിളിന്റെ പുതിയ സ്മാർട്ട് ഗ്ലാസുകളെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേവലം ഗ്ലാസ് എന്നതിനപ്പുറം ഒരു പേഴ്‌സനൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിക്കാൻ ഈ ഗ്ലാസിനാകും.
സാധാരണ സ്മാർട്ട് ഗ്ലാസുകളിൽനിന്ന് വ്യത്യസ്തമായി പ്രീമിയം ലുക്ക് നൽകാനാണ് ആപ്പിൾ ശ്രമിക്കുന്നത്. ഇതിനായി സാധാരണ പ്ലാസ്റ്റിക്കിന് പകരം കൂടുതൽ ഈടുനിൽക്കുന്ന 'അസറ്റേറ്റ്' എന്ന മെറ്റീരിയലായിരിക്കും ഗ്ലാസിന്റെ ബോഡി നിർമിക്കാൻ ഉപയോഗിക്കുക. നാല് വ്യത്യസ്ത ആകൃതിയിലുള്ള ഫ്രെയിമുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. കറുപ്പ്, ഓഷ്യൻ ബ്ലൂ, ലൈറ്റ് ബ്രൗൺ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഗ്ലാസുകൾക്കായി റേ-ബാൻ മോഡലിന് സമാനമായ വലിയ ചതുരാകൃതിയിലുള്ള ഫ്രെയിമുകൾ മുതൽ ചെറിയ വട്ടത്തിലുള്ള ഡിസൈനുകൾ വരെ ആപ്പിൾ ഇറക്കുന്നുണ്ട്.
കണ്ണടയിലുള്ള ചെറിയ കാമറ ഉപയോഗിച്ച് ഫോട്ടോകളും വിഡിയോകളും പകർത്താം. ഫോൺ വിളിക്കാനും ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാനും സ്പീക്കറും മൈക്കും കണ്ണടയിൽ തന്നെയുള്ളതുകൊണ്ട് ഫോൺ പോക്കറ്റിൽനിന്ന് എടുക്കാതെ തന്നെ സാധിക്കും. സിരിയുടെ കൂടുതൽ കരുത്തുറ്റ പതിപ്പും നമ്മൾ ഒരു വസ്തുവിലേക്ക് നോക്കിയാൽ അത് എന്താണെന്ന് പറഞ്ഞുതരാൻ വിഷ്വൽ ഇന്റലിജൻസ് സൗകര്യങ്ങളും ഈ ഗ്ലാസിലുണ്ടാകും. നോട്ടിഫിക്കേഷനുകൾ അറിയാൻ കഴിയുന്നതും ഈ ഗ്ലാസിന്റെ മറ്റൊരു പ്രത്യേകതയാണ്.
മാത്രമല്ല, ആപ്പിൾ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മടക്കാവുന്ന ഐഫോൺ 2026 സെപ്റ്റംബറോടെ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതിന് പുറമെ കൂടാതെ കാമറയുള്ള എയർപോഡ്സ്, സ്മാർട്ട് ഹോം ഡിസ്പ്ലേ, കാമറയുള്ള പെൻഡന്റ് എന്നിവയും ആപ്പിളിന്റെ വരാനിരിക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയിലുണ്ട്. നിലവിലെ വിവരങ്ങൾ അനുസരിച്ച് 2026 അവസാനമോ 2027 ആദ്യമോ ആപ്പിളിന്റെ ഈ അത്ഭുത ഗ്ലാസുകൾ വിപണിയിൽ എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.