പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് യുട്യൂബ് പ്രീമിയം ഓഫറുമായി എയർടെൽ; ആനുകൂല്യം നേടേണ്ടത് ഇങ്ങനെ

യൂട്യൂബ് വീഡിയോകൾ പരസ്യങ്ങളില്ലാതെ കാണാനും സ്ക്രീൻ ഓഫ് ചെയ്തും വീഡിയോകൾ കേൾക്കാനും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് യുട്യൂബ് പ്രീമിയം നൽകി എയർടെൽ. യൂട്യൂബുമായി സഹകരിച്ചാണ് കമ്പനി ഇത് നടപ്പാക്കുന്നത്. 200 രൂപയുടെ ഒ.ടി.ടി ടോപ്പ്-അപ്പ് പാക്കിലൂടെയാണ് ഈ ആനുകൂല്യം ലഭിക്കുക. അധികമായി 30 ജി.ബി ഡാറ്റയും വിവിധ ഒ.ടി.ടി സേവനങ്ങളിലേക്കുള്ള പ്രവേശനവും പാക്കിന്റെ ഭാഗമായി ലഭിക്കും.

മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും യുട്യൂബ് വീഡിയോകൾ പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനും വീഡിയോകൾ ഡൗൺലോഡ് ചെയ്ത് ഇന്റർനെറ്റ് കണക്ഷനില്ലാതെയും കാണാനും സാധിക്കും. പരസ്യങ്ങളില്ലാത്ത പാട്ട് കേൾക്കാനുള്ള യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനവും ഇതിൽ ഉൾപ്പെടുന്നു. 200 രൂപയുടെ പാക്കിന് 28 ദിവസമാണ് കാലാവധി. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന് പുറമേ ലഭിക്കുന്ന ടോപ്പ്-അപ്പ് ആയതിനാൽ സജീവമായ ഒരു എയർടെൽ പ്രീപെയ്ഡ് കണക്ഷൻ ഉണ്ടായിരിക്കണം. ഈ പാക്ക് മാത്രം റീചാർജ് ചെയ്താൽ കോളിങ്, എസ്.എം.എസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. യൂട്യൂബ് പ്രീമിയത്തിനൊപ്പം പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, ZEE5 പ്രീമിയം, സോണിലിവ് തുടങ്ങിയ സേവനങ്ങളിലേക്കും 18ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കുമുള്ള പ്രവേശനവും പാക്കിലുണ്ട്.

ആനുകൂല്യം ലഭിക്കാൻ ആദ്യം 200 രൂപയുടെ ഒ.ടി.ടി ടോപ്പ്-അപ്പ് റീചാർജ് ചെയ്യണം. തുടർന്ന് എയർടെൽ ആപ്പ് തുറന്ന് ‘റിവാർഡ്സ് ആൻഡ് ഒ.ടി.ടി’ വിഭാഗത്തിലെത്തുക. അവിടെ യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുകയും സ്ക്രീനിൽ കാണിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് സേവനം സജീവമാക്കുകയും ചെയ്യാം. പാക്കിന്റെ കാലാവധി അവസാനിക്കുന്നതോടെ യൂട്യൂബ് പ്രീമിയം ആനുകൂല്യവും അവസാനിക്കും. തുടർന്നും സേവനം ഉപയോഗിക്കണമെങ്കിൽ വീണ്ടും ടോപ്പ്-അപ്പ് റീചാർജ് ചെയ്ത് ആനുകൂല്യം ക്ലെയിം ചെയ്യണം.

Tags:    
News Summary - Airtel Offers YouTube Premium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.