ഐഫോൺ പ്രേമികൾക്ക് നിരാശ! 18 നായി 2027 വരെ കാത്തിരിക്കണം, കൂടെ രണ്ട് മോഡലുകൾ വേറെയും; അറിയാം വിലയും ഫീച്ചറുകളും

ഐഫോൺ 18, ഐഫോൺ 18ഇ, ഐഫോൺ എയർ എന്നിവ 2027ന്റെ തുടക്കത്തിൽ വിപണിയിലെത്തിക്കുമെന്ന് ആപ്പിൾ. ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ ഈ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് പ്രമുഖ മാധ്യമങ്ങൾഡ റിപ്പോട്ട് ചെയ്യുന്നത്. പ്രീമിയം മോഡലുകൾക്ക് വിപണിയിൽ കൂടുതൽ ശ്രദ്ധ ലഭിച്ചതിന് ശേഷം മിതമായ നിരക്കിലുള്ള ഫോണുകൾ അവതരിപ്പിക്കുക എന്ന തന്ത്രമാണ് ആപ്പിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റാൻഡേർഡ് ഐഫോൺ 18ന്റെ ഉത്പാദനം 2026 നവംബർ അവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന.

120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് എൽ.ടി.പി.ഒ ഒഎൽഇഡി ഡിസ്‌പ്ലേയോട് കൂടിയാകും ഐഫോൺ 18 എത്തുക. ചെറിയ ഡൈനാമിക് ഐലൻഡും കൂടുതൽ തിളക്കമുള്ള സ്ക്രീനും ഇതിന്റെ പ്രത്യേകതയാണ്. രണ്ട് നാനോമീറ്റർ പ്രക്രിയയിൽ നിർമ്മിച്ച പുത്തൻ എ20 ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. സിൽവർ, പിങ്ക്, ഡാർക്ക് ബ്ലൂ, ബർഗണ്ടി എന്നീ ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് സൂചന.

സാധാരണക്കാർക്കായി ആപ്പിൾ അവതരിപ്പിക്കുന്ന മിതമായ നിരക്കിലുള്ള മോഡലാണ് ഐഫോൺ 18ഇ. 6.1 ഇഞ്ച് ഡിസ്‌പ്ലേയും സ്റ്റാൻഡേർഡ് ഐഫോണിന് സമാനമായ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. 6.5 ഇഞ്ച് ഡിസ്‌പ്ലേയും പ്രീമിയം ടൈറ്റാനിയം ഡിസൈനും നിലനിർത്തിക്കൊണ്ട്, എ20 പ്രോ ചിപ്പ്, കൂടുതൽ ബാറ്ററി ബാക്ക്അപ്പ്, 48 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറ എന്നിവയോടെയാണ് ഐഫോൺ എയർ 2 എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ഈ പുതിയ ഫോണുകൾക്ക് മുൻ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന വിലയായിരിക്കും ഉണ്ടാവുക. സ്റ്റാൻഡേർഡ് ഐഫോൺ 18-ന് ഏകദേശം 99,900 രൂപ മുതൽ വില ആരംഭിച്ചേക്കാം. ഐഫോൺ 18ഇ മോഡലിന് ഏകദേശം 79,900 രൂപ മുതൽ വില പ്രതീക്ഷിക്കാം. ഐഫോൺ എയർ 2 മോഡലിന് ഏകദേശം 149,000 രൂപ വരെ വിലവരുമെന്നാണ് വിപണിയിലെ വിലയിരുത്തലുകൾ.

ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ആപ്പിൾ പ്രേമികൾ വലിയ ആകാംക്ഷയോടെയാണ് ഈ പുതിയ ലോഞ്ചിനായി കാത്തിരിക്കുന്നത്. അതേസമയം ഇതിനകം തന്നെ ഐഫോൺ 18 പ്രോ മോഡലുകളും ഐഫോൺ ഡ്യുവോയും മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും നേടുന്നത്. 

Tags:    
News Summary - iphone 18 will released on 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.