ഡോക്ടർമാരെ പിന്നിലാക്കി മൈക്രോസോഫ്റ്റ് എഐ; സങ്കീർണ്ണ രോഗനിർണ്ണയത്തിൽ വിപ്ലവകരമായ നേട്ടം

സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും നിർണ്ണയിക്കുന്നതിൽ മനുഷ്യരായ ഡോക്ടർമാരെക്കാൾ കൃത്യത പുലർത്തി മൈക്രോസോഫ്റ്റിന്റെ എഐ ടൂൾ. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ നിർണ്ണായക വിവരമുള്ളത്. ഡോക്ടർമാർ 36 ശതമാനം കൃത്യത നേടിയപ്പോൾ എഐ 83 ശതമാനം നേടി.

MAI-DxO എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഒരു ഡോക്ടർമാരുടെ സംഘം പ്രവർത്തിക്കുന്നത് പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചറിയാനും, ആവശ്യമായ പരിശോധനകൾ നിർദ്ദേശിക്കാനും, ഫലങ്ങൾ വിശകലനം ചെയ്ത് കൃത്യമായ നിഗമനത്തിലെത്താനും ഇതിന് സാധിക്കും. സാധാരണ മെഡിക്കൽ കേസുകൾക്ക് പുറമെ, അത്യാഹിത വിഭാഗങ്ങളിൽ നിന്നുള്ള സങ്കീർണ്ണമായ പരീക്ഷണ കേസുകളിലും എഐ ഡോക്ടർമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

ആളുകളിൽ നേരിട്ട് പരീക്ഷിക്കുന്നതിന് പകരം നിലവിലുള്ളതും സങ്കീർണ്ണവുമായ മെഡിക്കൽ കേസ് സ്റ്റഡീസ് അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. രോഗലക്ഷണങ്ങൾ വ്യക്തമല്ലാത്തതും, ഏത് അസുഖമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായ ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് താങ്ങായി മാറാൻ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് കരുതുന്നു.

ഭാവിയിൽ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളെ വേഗത്തിൽ തരംതിരിക്കുന്നതിനും ഈ ടൂൾ ഉപയോഗിക്കാനാകുമോ എന്നതിന്റെ പരീക്ഷണങ്ങൾ ബോസ്റ്റണിലെ ബെത് ഇസ്രായേൽ ഡീകോനെസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് പുരോഗമിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് എഐയുടെ ഇടപെടലുകൾ കൂടുതൽ കരുത്താർ‍ജിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ പഠന റിപ്പോർട്ട്. എന്നാൽ ആശുപത്രികളിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കേണ്ടതുണ്ട്.

Tags:    
News Summary - MicrosoftAI in health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.