മന്ത്രിമാർക്കും സ്റ്റാഫിനും ഐപാഡ് വാങ്ങാൻ 6.71 കോടി; കെൽട്രോൺ ടെൻഡർ ക്ഷണിച്ചു
തിരുവനന്തപുരം: മന്ത്രിമാർക്കും അവരുടെ പേഴ്സനൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ 16ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇതിനായി ഇ-ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചെലവു ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് സർക്കാറിന്റെ ഈ നീക്കം.
13 ഇഞ്ച് ഐപാഡ് പ്രോ 256 GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB (160 എണ്ണം) എന്നിവയാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപ ചെലവഴിക്കും. ഓരോ യൂണിറ്റിനും ഏകദേശം 1,99,000 രൂപയാണ് വില. 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ 256GB മോഡലുകൾക്കായി 2.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് വില. ബാക്കിയുള്ള 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB മോഡലുകൾക്കായി ചെലവഴിക്കും.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽനിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. തുടർന്നാണ് ഒക്ടോബർ 16ന് കെൽട്രോൺ ഇ-ടെൻഡർ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.