പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

ജലത്തില്‍ ലയിക്കും, ജീർണിച്ച് ഇല്ലാതാകും; മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകര്‍, ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമോ?

പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്ന ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ദക്ഷിണ കൊറിയയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിൽ നിര്‍ണായക കണ്ടെത്തല്‍. ജലത്തില്‍ ലയിക്കുന്നതും ജീർണിച്ച് ഇല്ലാതാകുന്നതുമായ മെമ്മറി ഡിവൈസാണ് കൊറിയന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. ഡേറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചുള്ളതാണ് പുതിയ കണ്ടെത്തൽ.

സാങ്കേതികവിദ്യയുടെ രംഗത്തെ വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് പദ്ധതിക്ക്‌ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. സാങ്ഹോ ചോ പറഞ്ഞു. ഭാവിയില്‍ കേടുപാടുകള്‍ സ്വയം തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാകാനുള്ള ശേഷിയും പ്രകാശത്തോട് പ്രതികരിക്കാനുള്ള (ഫോട്ടോ-റെസ്പോൺസിവ്) ശേഷിയും ഉള്‍പ്പെടുത്തി മെമ്മറി ഡിവൈസിനെ ഇന്റലിജന്റ് ഇലക്ട്രോണിക് ഉപകരണമായി വികസിപ്പിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

പരീക്ഷണഘട്ടത്തില്‍ ഉപകരണം സംഭരിച്ച ഡാറ്റ 10,000 സെക്കന്‍ഡിലധികം നിലനിര്‍ത്തി. 10 ലക്ഷത്തിലധികം തവണ ഓണ്‍ - ഓഫ് ചെയ്തു. 250-ലധികം റൈറ്റ്-ഇറേസ് സൈക്കിളുകള്‍ക്ക് ശേഷവും കേടുപാടൊന്നും സംഭവിച്ചില്ല. ഓര്‍ഗാനിക് ഇലക്ട്രോണിക് ഉപകരണത്തിന്റെ ഈടുനില്‍പ്പും പ്രവര്‍ത്തനക്ഷമതയും വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള മെമ്മറി ഡിവൈസില്‍ സ്വയം നശീകരണ സ്വഭാവം സമന്വയിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി.

മനുഷ്യ ശരീരത്തില്‍ സുരക്ഷിതമായി ഘടിപ്പിക്കാന്‍ കഴിയും എന്നതാണ് മെമ്മറി ചിപ്പിന്‍റെ മറ്റൊരു സവിശേഷത. ആവശ്യമെങ്കില്‍ മാത്രം വിഘടിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പന ചെയ്യാനാകും. എപ്പോള്‍ വിഘടനം ആരംഭിക്കണം എന്ന് നേരത്തെതന്നെ നിശ്ചയിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്റെ കട്ടിയും ഘടനയും തീരുമാനിക്കാനാകും. പുറത്തെ പാളി ജീർണിച്ചു കഴിഞ്ഞാല്‍ ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ അവശിഷ്ടമൊന്നും ബാക്കിയാക്കാതെ ജലത്തില്‍ ലയിച്ച് ഇല്ലാതാകും.

നേരത്തെ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ കടല്‍വെള്ളത്തില്‍ ലയിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യാ രംഗത്ത് കൊറിയന്‍ ശാസ്ത്രജ്ഞരുടെ മുന്നേറ്റം. പുതിയതരം പ്ലാസ്റ്റിക് സമുദ്രജല മലിനീകരണം കൈകാര്യം ചെയ്യുന്നതില്‍ വഴിത്തിരിവായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. നൈട്രജനും ഫോസ്ഫറസും മാത്രം അവശേഷിപ്പിക്കുന്നതാണ് പുതിയ വസ്തു. ഇവ സൂക്ഷ്മാണുക്കള്‍ക്ക് ഉപയോഗിക്കാനും സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാനും കഴിയും. അഗ്നിയെ ചെറുക്കാൻ ശേഷിയുള്ള ഈ വസ്തു മനുഷ്യന് ഹാനികരമല്ല, കൂടാതെ കാർബൺ ഡയോക്സൈഡ് പുറന്തള്ളുകയുമില്ല.

Tags:    
News Summary - Korean Scientists Develop Memory Device That Vanishes In Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.