പൊതുശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ ആപ്; ഉദ്ഘാടനം നാളെ

തിരുവനന്തപുരം: യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. പൊതുശുചിമുറികൾ കണ്ടെത്താൻ തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് മാസ്‌കറ്റ് ഹോട്ടലിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.

യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികൾക്ക് പുറമെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റാറന്റുകളിലെയും ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് ശൃംഖല വിപുലീകരിക്കുന്നത്. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ പാർക്കിങ് സൗകര്യം തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിങ്ങുകളും ആപ്പിലൂടെ തത്സമയം അറിയാം.

ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് തയാറാക്കിയത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉൾപ്പെടുത്തി കേരളത്തിലുടനീളം വ്യാപിപ്പിക്കും.

Tags:    
News Summary - Kloo app to find public toilets to be launched tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.