സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; പൊതു മൊബൈൽ ചാര്‍ജിങ് പോയിന്‍റുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

യാത്ര ചെയ്യുമ്പോൾ നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ് മൊബൈൽ ഫോണിൽ ചാർജ് തീരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗം പേരും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രശ്നം നേരിട്ടുണ്ടാകും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് പൊതുഇടങ്ങളിലെ ചാർജിങ് പോയിന്‍റുകളെയാണ്. എന്നാൽ ഇപ്പോൾ ഇത്തരം പൊതു ചാർജിങ് പോയിന്‍റുകൾ ഉപയോഗിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിരിക്കുകയാണ് കേരള പൊലീസ്. 'ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ജ്യൂസ് ജാക്കിങ് പോലെയുള്ള സൈബർ തട്ടിപ്പുകളാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍ എന്നിവിടങ്ങളിലെ പൊതു മൊബൈല്‍ ചാര്‍ജിങ് പോയന്റുകള്‍ വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് 'ജ്യൂസ് ജാക്കിങ്'. സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന 'മാല്‍വെയര്‍ കേബിളുകള്‍' ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ പൊതു ഇടങ്ങളിൽ തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിലുള്ള വ്യജ കേബിളുകളിൽ മൊബൈൽ ഫോൺ കണക്ട് ചെയ്യുന്നതിലൂടെ ബാങ്കിങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നിവയുൾപ്പെടെയുള്ള ഡാറ്റകൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളും കേരള പൊലീസ് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.

  • പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
  • പവര്‍ ബാങ്ക് ഉപയോഗിക്കുക.
  • യു.എസ്.ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക.
  • കൂടാതെ പൊതു ഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.

പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതിനാല്‍, പൊതു ചാര്‍ജിങ് പോയന്‍റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക.

Full View
Tags:    
News Summary - kerala police warns using public charging points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.