ഐഫോൺ 14 പ്രോ ഇറങ്ങും മുമ്പേ ഷവോമി ഫോണിൽ 'ഡൈനാമിക് ഐലൻഡ്'; വിഡിയോ വൈറൽ

ചില ആപ്പിൾ ഫാൻസ് സമ്മതിച്ച് തരില്ലെങ്കിലും ഐഫോണിലെ ഭീമാകാരമായ നോച്ച് സാധാരണ യൂസർമാർക്ക് വലിയൊരു കല്ലുകടി തന്നെയാണ്. കണ്ണ് തട്ടാതിരിക്കാനാണോ എന്തോ.. പുതിയ ഐഫോൺ സീരീസിലെ രണ്ട് മോഡലിലും അത് അങ്ങനെ തന്നെയുണ്ട്. എന്നാൽ, പ്രോ സീരീസിൽ ആപ്പിൾ പുതിയ 'നോച്ച് വിപ്ലവം' തന്നെ കൊണ്ടുവന്നു.

'ഡൈനാമിക് ഐലൻഡ്' - പേര് പോലെ തന്നെ കാര്യവും ഡൈനാമിക്കാണ്. ഹാർഡ്‌വെയറിനെയും സോഫ്റ്റ്‌വെയറിനെയും മികച്ച രീതിയിൽ സമന്വയിപ്പിച്ചുള്ള ആപ്പിളിന്റെ ഒരു ഗംഭീര രൂപകൽപ്പന എന്ന് തന്നെ അതിനെ വിളിക്കാം.

ആപ്പിൾ ഫോണുകളിൽ വലിയ നോച്ചുകൾ ഇടംപിടിക്കുന്നത് ചുമ്മാതല്ല. ഫേസ്-ഐഡിയും മറ്റ് സെൻസറുകളും ഒപ്പം മനോഹരമായ ഔട്പുട്ട് തരുന്ന മുൻ കാമറയും ആപ്പിൾ സജ്ജീകരിക്കുന്നത്, നോച്ചിനുള്ളിലാണ്. ഐഫോൺ 14 പ്രോ, ​14 പ്രോ മാക്സ് എന്നീ മോഡലുകളിൽ അവയെല്ലാം ഒതുക്കിവെച്ചത് ​ഡിസ്‍പ്ലേക്കുള്ളിലെ പിൽ രൂപത്തിലുള്ള നോച്ചിലും. എന്നാൽ, ആ നോച്ചിന്റെ പ്രവർത്തനം അവിടെ തീരുന്നില്ല.

നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനത്തെയും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി രൂപവും ഭാവവും മാറുന്ന വിധത്തിലാണ് പുതിയ ഡൈനാമിക് ഐലൻഡ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.

മാപ്‌സ്, മ്യൂസിക് അല്ലെങ്കിൽ ടൈമർ പോലെയുള്ള ആപ്പുകളുടെ ബാക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ ആനിമേഷനോടെയും സംവേദനാത്മകവുമായും നോച്ചിൽ തുടരും. കൂടാതെ നോട്ടിഫിക്കേഷനുകളും അലേർട്ടുകളും ദൃശ്യഭംഗിയുള്ള ആനിമേഷനോടെ പ്രദർശിപ്പിക്കാനും ഈ സംവിധാനത്തിന് കഴിയും. തേർഡ്-പാർട്ടി ആപ്പുകൾക്കും പുതിയ നോച്ചിന്റെ പിന്തുണ ആപ്പിൾ നൽകിയേക്കും.


ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഡിസ്‍പ്ലേയുടെ മുകളിൽ വലിയൊരു കറുത്ത കട്ടൗട്ട് മുഴച്ചുനിൽക്കുന്നതായി യൂസർമാർക്ക് അനുഭവപ്പെടാതിരിക്കാനാണ് ആപ്പിളിന്റെ 'ഐലൻഡ് പ്രയോഗം'. ഐഫോൺ 14 പ്രോയുടെ പ്രമോ വിഡിയോകളിലൂടെ പുതിയ നോച്ചിന്റെ പ്രവർത്തനം കണ്ട സ്മാർട്ട്ഫോൺ പ്രേമികൾ ആവേശത്തിലാണ്.

പതിവ് തെറ്റിക്കാതെ ആൻഡ്രോയ്ഡ് ലോകം

ആൻഡ്രോയ്ഡ് ഫോണുകളിലെ ചില ഫീച്ചറുകൾ ഏറെ നാളെടുത്തിട്ടാണെങ്കിലും ഐഫോണുകളിൽ ആപ്പിൾ ഉൾപ്പെടുത്തും. കോപ്പിയടിയാണെങ്കിലും അതിന് വലിയ പരസ്യം നൽകുകയും കൊട്ടിഘോഷിക്കുകയും ചെയ്യും. എന്നാൽ, ആ ഫീച്ചറുകൾ ഐഫോണുകളിലെത്തുമ്പോൾ കൂടുതൽ മികച്ചതായിട്ടുണ്ടാകും. അത് വീണ്ടും ആൻഡ്രോയ്ഡ് കോപ്പിയടിക്കും. -ടെക് ലോകത്ത് പ്രചരിക്കുന്നൊരു തമാശയാണിത്.

എന്നാൽ, ഇത്തവണ ആപ്പിൾ സ്വന്തമായൊരു കണ്ടുപിടുത്തവുമായിട്ടാണ് എത്തിയത്. ആവർ തങ്ങളുടെ വിശേഷപ്പെട്ട 'ഡൈനാമിക് ഐലൻഡി'നെ കെട്ടഴിച്ച് പുറത്തുവിട്ടതോടെ ആൻഡ്രോയ്ഡ് ഡെവലപ്പർമാരുടെയാണ് ഉറക്കം പോയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ​പ്രകാരം ആൻഡ്രോയ്ഡ് ഫോണുകളിലും 'ഡൈനാമിക് ഐലൻഡ്' വരാൻ പോവുകയാണ്. ഒരു ഷവോമി ഫോണിൽ അത് പരീക്ഷിക്കുകയും ചെയ്തു.

ടെക്ഡ്രോയ്ഡറിലെ വൈഭവ് ജെയിൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഹൃസ്വമായൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഷവോമിയുടെ യൂസർ ഇന്റർഫേസായ എം.ഐ.യു.ഐ (MIUI)-യിൽ ഡൈനാമിക് ഐലൻഡ് സ്റ്റൈലിലുള്ള നോട്ടിഫിക്കേഷൻ പ്രവർത്തിക്കുന്നതാണ് വിഡിയോയിലുള്ളത്. ഷവോമിയുടെ തീം ഡെവലപ്പർമാരാണ് സംഭവത്തിന് പിന്നിൽ. ഗ്രംപി യു.ഐ എന്ന പേരിലുള്ളതാണ് തീം, ഒപ്പം നൽകിയ വിവരങ്ങളെല്ലാം ചൈനീസ് ഭാഷയിലാണ്. ഡൈനാമിക് ഐലൻഡ് തീം അപ്‌ഡേറ്റ് അവലോകന പ്രക്രിയയിലാണെന്ന് ഡെവലപ്പർമാർ തന്നെ അറിയിച്ചിതായി വൈഭവ് ജൈൻ പറഞ്ഞു. ഷവോമി അത് അംഗീകരിക്കുകയാണെങ്കിൽ, തീം സ്റ്റോറിൽ ഉടൻ തന്നെ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആൻഡ്രോയ്ഡിന്റെ വരാനിരിക്കുന്ന അപ്ഡേറ്റിൽ 'ഡൈനാമിക് എലൻഡി'നെ അനുകരിച്ചുള്ള വിഡ്ജെറ്റുകളും മറ്റ് ഫീച്ചറുകളും വന്നേക്കുമെന്നാണ് സൂചനകൾ. എന്തായാലും കാത്തിരുന്ന് കാണാം. 

Tags:    
News Summary - iPhone's Dynamic Island might soon see its Android version on Xiaomi phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.