മുംബൈ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നത് ആഗോള ഇന്റർനെറ്റ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന് ആശങ്ക. സമുദ്രങ്ങളിലൂടെ കടന്നുപോകുന്ന നിർണായക ഡേറ്റ പൈപ്പ് ലൈനുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളാണ് ഇന്റർനെറ്റ് വിതരണത്തെ താറുമാറാക്കുക. ഇന്റനെറ്റ് സംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന നിരവധി ഫൈബർ ഒപ്റ്റിക് കേബിളുകളുടെ പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. സാമ്പത്തിക -സർക്കാർ ആശയവിനിമയങ്ങളാണ് കൂടുതലായും ഈ കേബിളുകളിലൂടെ നടക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആശങ്ക പരിഹരിക്കുന്നതിനും മറ്റു പരിഹാര മാർഗങ്ങൾ തേടാനും ടെലികോം കമ്പനികളോടും സബ് സീ കേബിൾ ഓപ്പറേറ്റർമാരോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യവസായ എക്സിക്യൂട്ടീവുകളുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ് കൂടിക്കാഴ്ച നടത്തി. സമുദ്രത്തിലെ കേബിളുകൾക്ക് ഇറാൻ ഭീഷണി ഉയർത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്കുമുള്ള വിതരണത്തിന്റെ പ്രധാനപാതയാണ് ഹോർമുസ് കടലിടുക്ക്. ഇതിൽ ഒരു ഭാഗം സിംഗപ്പൂർ വഴി വഴിതിരിച്ചുവിടാൻ കഴിയുമെങ്കിലും മുഴുവൻ സംഭരണശേഷിയും താങ്ങാൻ പര്യാപ്തമാകില്ല. ആമസോൺ വെബ് സർവിസസ് പോലുള്ള ഹൈപ്പർസ്കെയിലറുകൾ ശേഷി വർധിപ്പിക്കുന്നതിനാൽ ബദൽ റൂട്ടുകളും ചെലവേറിയതാകും. അറ്റ്ലാന്റിക് സമുദ്രത്തേക്കാൾ ദൈർഘ്യമേറിയതാണ് പസഫിക് റൂട്ട്. ഇത് ലേറ്റൻസിയെയും പ്രോസ്സസിങ് വേഗതയെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും ഇന്ത്യ സബ്സീ കേബിളുകളെ ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി സർക്കാർ സജീവമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് സിഫി ടെക്നോളജീസ് നെറ്റ്‍വർക്ക് ബിസിനസ് മേധാവി ഹർഷ റാം പറഞ്ഞു.
കടലിനടിയിലെ എന്തെങ്കിലും തടസമോ കേബിൾ വിച്ഛേദമോ നേരിട്ടാൽ നിർണായക സേവനങ്ങൾ തടസപ്പെടും. ഇത് ഐ.ടി മേഖലയെ പൂർണമായി തടസപ്പെടുത്തും. സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. മാത്രമല്ല, ഇന്റർനെറ്റ് അധിഷ്ഠിതമായ ഇ കൊമേഴ്സ്, സമൂഹമാധ്യമങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെയും ബാധിക്കും. അതേസമയം, മിക്ക സേവന ദാതാക്കൾക്കും ശക്തമായ ശേഷിയുള്ളതിനാൽ ‘ബ്ലാക്ക്ഔട്ട്’ ഉണ്ടാകാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. അതേസമയം, വിഷയത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻസ്, ഗൂഗ്ൾ തുടങ്ങിയ കമ്പനികൾ പ്രതികരിച്ചിട്ടില്ല.
നേരത്തേ, സുരക്ഷാ ഭീഷണിയെ തുടർന്ന് മേഖലയിലെ കേബ്ൾ അറ്റകുറ്റപ്പണി ജോലികൾ നിർത്തിവെക്കുന്ന സാഹചര്യമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചെങ്കടലിൽ കഴിഞ്ഞവർഷമുണ്ടായ തകർച്ചയിൽ SMW4, IMEWE, FALCON എന്നിവയുടെ കേബ്ളുകൾ മുറിഞ്ഞത് ഇന്ത്യയിലെയും പാകിസ്താനിലെ ഇന്റർനെറ്റ് വേഗത കുറയാൻ കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.