പരാതി പ്രളയം; ചില ഫീച്ചറുകൾ പിൻവലിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

ഏറെ പ്രതീക്ഷയോടെ സമീപകാലത്ത് അവതരിപ്പിച്ച ചില ഫീച്ചറുകൾ പ്രമുഖ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം പിൻവലിക്കാനൊരുങ്ങുന്നു. യൂസർമാരിൽ നിന്ന് ഉയർന്ന പരാതികളെ തുടർന്നാണ് നടപടി.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുറത്തിറക്കിയ പുതിയ ചില 'ടെസ്റ്റ് ഫീച്ചറു'കളാണ് പിൻവലിക്കാൻ പോകുന്നത്. റീലുകളിലെ ഷോർട്ട് വീഡിയോകൾ പ്രദർശിപ്പിക്കുന്ന ഫുൾ സ്‌ക്രീൻ ഫീഡും, യൂസർമാർ പിന്തുടരാത്ത അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ നിരന്തരം റെക്കമന്റ് ചെയ്യുന്നതുമെല്ലാം ഇൻസ്റ്റയിൽ നിന്ന് ഒഴിവാക്കിയേക്കും.

ഈ ഫീച്ചറുകൾ താൽക്കാലികമായി നിർത്തുകയോ, ഇൻസ്റ്റ ഹോം പേജിൽ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കുകയോ ചെയ്യും. അതേസമയം, ഇവ എന്നാണ് പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിവരിക എന്നുള്ളതിനെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ഒരു മെറ്റാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു്

"ഞങ്ങളുടെ കണ്ടെത്തലുകളുടെയും കമ്മ്യൂണിറ്റി ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിൽ, Instagram-ലെ 'ഫുൾ സ്‌ക്രീൻ ടെസ്റ്റ്' ഞങ്ങൾ താൽക്കാലികമായി നിർത്തുകയാണ്. അതിലൂടെ ഞങ്ങൾക്ക് മറ്റ് ഓപ്ഷനുകൾ പരീക്ഷിക്കാൻ കഴിയും. കൂടാതെ ഫീഡിലുള്ള റെക്കമൻഡേഷനുകളുടെ എണ്ണവും ഞങ്ങൾ താൽക്കാലികമായി കുറയ്ക്കുകയാണ്, അതുവഴി നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ കഴിയും," -മെറ്റാ വക്താവ് 'ദ ഹോളിവുഡ് റിപ്പോർട്ടറി'നോട് പറഞ്ഞു.

അതേസമയം, ഇൻസ്റ്റഗ്രാമിലെ സമീപകാല മാറ്റങ്ങൾ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കളെ അസ്വസ്ഥരാക്കിയിരുന്നു. നിരവധി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാർ അപ്‌ഡേറ്റുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം റീലുകളും ഹൃസ്വ വിഡിയോകളും അപ്ലോഡ് ചെയ്യാൻ യൂസർമാരെ നിർബന്ധിതരാക്കുകയാണെന്നും ചിത്രങ്ങൾക്കും മറ്റുമുള്ള റീച്ച് ആപ്പിൽ കുറഞ്ഞുവരികയാണെന്നുമാണ് അവരുടെ പരാതി.

കഴിഞ്ഞ ദിവസം ഫാഷൻ രംഗത്തെ ലോകപ്രശസ്തരും സഹോദരിമാരുമായ കിം കാർദാഷ്യാനും കൈലി ജെന്നറും ഇൻസ്റ്റഗ്രാമിലെ വിഡിയോ അതിപ്രസരത്തിനെതിരെ രംഗത്തുവന്നിരുന്നു. ടിക് ടോക്കിനെ കോപ്പിയടിക്കുന്നത് നിർത്താനും ഇൻസ്റ്റയെ പഴയതുപോലെ ആക്കാനും ഇരുവരും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.   

Tags:    
News Summary - Instagram to roll back its recent changes after backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.