ഇന്ന് നമുക്ക് മൊബൈൽ ഫോൺ ഇല്ലാതെ എത്ര സമയം ഇരിക്കാൻ കഴിയും? എന്തിനും ഏതിനും മൊബൈൽ ഫോണുകളെ ആണ് നമ്മളിന്ന് ആശ്രയിക്കുന്നത്. അവ നമ്മുടെ ദൈന്യംദിന ജീവിതത്തിന്‍റെ ഭാഗമാണ്. ഇന്നത്തെ തലമുറക്ക് ആലോചിക്കുമ്പോൾ ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിലും ഗാഡ്‌ജെറ്റുകൾ പുതുമയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു മൊബൈൽ സ്വന്തമായിട്ടുള്ള ചുരുക്കം ചിലരാണെങ്കിലും ഒരു കോൾ ചെയ്യുന്നതിന് വലിയ തുക ചെലവാകുമായിരുന്നു.
മൊബൈൽ ഫോൺ കണ്ടെത്തി കുറച്ചു കാലങ്ങൾ കൂടി കഴിഞ്ഞാണ് ഇന്ത്യയിൽ എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് 1995 ജൂലൈ 3ന് അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു ആണ് ഇന്ത്യയിൽ ആദ്യമായി ഫോൺ കോൾ വിളിച്ച് ചരിത്രം സൃഷ്ടിച്ചത്.
ഒരു നോക്കിയ ഹാൻഡ്‌സെറ്റ് ഉപയോഗിച്ചാണ് ബസു അന്നത്തെ കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ് റാമുമായി മൊബൈൽ ഫോൺ വിളിച്ചത്. അത് ഇന്ത്യയിൽ ഡിജിറ്റൽ ആശയവിനിമയത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയും ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയും തമ്മിലുള്ള ഫോൺ സംഭാഷണം ഇന്ത്യയുടെ ബി കെ മോദിയും ഓസ്‌ട്രേലിയയുടെ ടെൽസ്ട്രയും സംയുക്ത സംരംഭമായ മോദി ടെൽസ്ട്ര നെറ്റ്‌വർക്കിലൂടെയായിരുന്നു.
ഇന്ത്യ ഇന്ന് ഡിജിറ്റൽ ആശയവിനിമയത്തിന്റെ പ്രധാന കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 30 വർഷം മുമ്പ് മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യ ശൈശവാവസ്ഥയിലായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു ഫോൺ കോൾ ചെയ്യാൻ വലിയ തുകയാണ് ചെലവായത്.
ആ കാലഘട്ടത്തിൽ മൊബൈൽ ഫോൺ സ്വന്തമാക്കുക എന്നത് പലർക്കും താങ്ങാൻ കഴിയില്ലായിരുന്നു. ആഡംബരത്തിന്‍റെ പ്രതീകമായാണ് അന്ന് മൊബൈൽ ഫോണുകളെ കണ്ടത്. കൂടാതെ മൊബൈൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് വിളിക്കാൻ കനത്ത നിരക്കുകൾ നൽകേണ്ടി വന്നിരുന്നു.
ഡൈനാമിക് പ്രൈസിങ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോൾ ചാർജുകൾ. മിനിറ്റിന് 8.4 രൂപ (ഇന്നത്തെ പണത്തിൽ ഏകദേശം 23 രൂപ). അതേസമയം തിരക്കേറിയ സമയങ്ങളിൽ ചാർജുകൾ ഇരട്ടിക്കും. മിനിറ്റിന് 16.8 രൂപ വരെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.