ജെമിനി എഐ ഉപയോഗിച്ച് എഡിറ്റിങും യൂട്യൂബ് ഷോപ്പിങും; വമ്പൻ ഫീച്ചറുകൾ അവതരിപ്പിച്ച് യുട്യൂബ്

ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് യുട്യൂബ്. ന്യൂയോർക്കിൽ നടന്ന വാർഷിക ഇവന്റായ മെയ്ഡ് ഓൺ യൂട്യൂബ് കോൺഫറൻസിൽ ക്രിയേറ്റർമാർക്കും ഉപയോക്താക്കൾക്കുമായി അത്യാധുനിക എഐ ടൂളുകളും പുതിയ ഷോപ്പിംഗ് ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വീഡിയോ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കാനും പ്രേക്ഷകരുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താനുമാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.

ജെമിനി എഐ

ഷോർട്‌സ്, യൂട്യൂബ് ക്രിയേറ്റ് ആപ്പുകളിൽ ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള എഡിറ്റിംഗ് അസിസ്റ്റന്റ് ഉടനെത്തും. സംഭാഷണ രൂപത്തിലുള്ള നിർദ്ദേശങ്ങളിലൂടെ വീഡിയോകൾ ട്രിം ചെയ്യാനും ക്ലിപ്പുകൾ ക്രമീകരിക്കാനും സംഗീതം നൽകാനും ഇതിലൂടെ സാധിക്കും.

ആസ്ക് സ്റ്റുഡിയോ

ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോ ഡ്രാഫ്റ്റുകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നൽകാൻ ആസ്ക് സ്റ്റുഡിയോ ഫീച്ചർ സഹായിക്കും. വീഡിയോയുടെ തുടക്കം, ഘടന, സ്റ്റോറിടെല്ലിങ് എന്നിവ മെച്ചപ്പെടുത്താൻ എഐ നിർദ്ദേശങ്ങൾ നൽകും. കൂടാതെ തങ്ങളുടെ ചാനലിന്റെ ശൈലിക്ക് അനുയോജ്യമായ തംബ്‌നെയിലുകൾ നിർമ്മിക്കാനും ഡൈനാമിക് തംബ്‌നെയിൽ ടെസ്റ്റിങിലൂടെ വ്യത്യസ്ത പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ അവ മാറ്റാനും പുതിയ ടൂളുകൾ സഹായിക്കും.

യൂട്യൂബ് ഷോപ്പിങ്

യൂട്യൂബിന്റെ ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാം ഈ വർഷാവസാനത്തോടെ 35 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ബ്രസീലിലുമുള്ള ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിൽ ആമസോൺ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനുള്ള അവസരം ലഭിക്കും.

ഓട്ടോ ഡബ്ബിങ് ഫീച്ചർ

അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് സ്ട്രീമുകൾക്കായി ഓട്ടോ-ഡബ്ബിംഗ് ഫീച്ചർ എത്തും. ക്രിയേറ്റർമാർ സംസാരിക്കുന്ന ഭാഷ തത്സമയം മറ്റ് ഭാഷകളിലേക്ക് മാറ്റാൻ ഇത് സഹായിക്കും.

ക്രിയേറ്റർമാരുടെ ജോലികൾ കൂടുതൽ എളുപ്പമാക്കുക മാത്രമാണ് പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെ റീപ്ലേസ് ചെയ്യുകയല്ല ഉദ്ദേശമെന്നും യൂട്യൂബ് അധികൃതർ വ്യക്തമാക്കി. പുതിയ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തും.

Tags:    
News Summary - youtube introduced new features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.