ഗൂഗ്ളിന് 28ാം പിറന്നാൾ; വൈറലായി ബംഗളൂരു ഓഫീസിലെ ആഘോഷം
ബംഗളൂരു: തീം കേക്കും വർണാഭമായ അലങ്കാരങ്ങളും വ്യത്യസ്ത വിഭവങ്ങളും... ഗൂഗ്ളിന്റെ 28ാം പിറന്നാൾ ആഘോഷത്തിന് ബംഗളൂരുവിലെ ഓഫീസിൽ ഒരുക്കിയത് കിടിലൻ വിരുന്ന്. ഗൂഗ്ൾ ജീവനക്കാരി പങ്കുവെച്ച ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗൂഗ്ൾ ലോഗോയും വിവിധ ഉൽപന്നങ്ങളുടെ ചിഹ്നങ്ങളും ഉൾപ്പെടുത്തിയ കേക്കും ഗൂഗ്ൾ തീമിലുള്ള മധുരവിഭവങ്ങളുമാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. വർണാഭമായ പേപ്പർ റോസറ്റുകൾ, അലങ്കാരങ്ങൾ, സ്ട്രീമറുകൾ എന്നിവയോടെയാണ് ആഘോഷവേദി ഒരുക്കിയത്.
വിവിധ ഗൂഗിൾ ഉൽപന്നങ്ങളുടെ ചിഹ്നങ്ങളും വർണാഭമായ ജെല്ലി ബീൻ മാതൃകയിലുള്ള അലങ്കാരങ്ങളും ഉൾപ്പെടുത്തിയ മൂന്ന് നിലകളുള്ള തട്ടുകളിലുള്ള കേക്കും ശ്രദ്ധേയമായിരുന്നു. അറോറ ഗൂഗ്ൾ തീമിലുള്ള പിറന്നാൾ കേക്ക് മുറിക്കുന്നതും വിഡിയോയിലുണ്ട്. ആഘോഷത്തിനായി ഒരുക്കിയ ഭക്ഷണവിരുന്നിനും വലിയ പ്രാധാന്യമാണ് വിഡിയോയിൽ നൽകിയിരിക്കുന്നത്. വീഗൻ കോട്ടൺ കാൻഡി, ഗൂഗ്ൾ ലോഗോ പതിച്ച കപ്പ് കേക്കുകൾ, ഗൂഗ്ൾ ബ്രാൻഡഡ് വൃത്താകൃതിയിലുള്ള കുക്കികൾ, ചെറിയ പാത്രങ്ങളിലാക്കിയ ധോക്‌ള എന്നിവ ഭക്ഷണപ്പട്ടികയിലുണ്ടായിരുന്നു. വർണാഭമായ കേക്ക് പോപ്പുകൾ, ചോക്ലേറ്റ് തുടങ്ങി നിരവധി മധുരങ്ങളും മേശകളിൽ ഒരുക്കിയിരുന്നു. ആഘോഷത്തെയും ഗൂഗ്ൾ തീമിലുള്ള ഒരുക്കങ്ങളെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.
1998 സെപ്റ്റംബർ നാലിന് ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് ഗൂഗിൾ സ്ഥാപിച്ചത്. എന്നാൽ കമ്പനിയുടെ ഔദ്യോഗികമായി ആരംഭിച്ചത് സെപ്റ്റംബർ 27 നാണ്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷണ പദ്ധതിയായി ആരംഭിച്ച ഗൂഗ്ൾ പിന്നീട് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് കമ്പനികളിലൊന്നായി വളർന്നു. ഗൂഗ്ൾ എന്ന ഗണിതപദത്തിൽ നിന്നാണ് ഗൂഗിൾ എന്ന വാക്കിന്റെ ഉത്ഭവം. ഒന്നിന് പിന്നാലെ 100 പൂജ്യങ്ങൾ വരുന്ന അതിവലിയ സംഖ്യയാണ് ഗൂഗ്ൾ. ലോകത്തെ കൂടുതൽ വിവരങ്ങൾ ക്രമീകരിച്ച് എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ആശയത്തെയാണ് പേര് പ്രതിഫലിപ്പിക്കുന്നത്. സെർച്ച് എൻജിനിൽ നിന്ന് ആരംഭിച്ച ഗൂഗ്ളിന്റെ സേവനങ്ങൾ ഇന്ന് ജിമെയിൽ, ഗൂഗ്ൾ മാപ്സ്, യൂട്യൂബ്, ഗൂഗ്ൾ ഡ്രൈവ്, ആൻഡ്രോയിഡ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി നിരവധി മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ വർഷവും സെപ്റ്റംബർ 27ന് പ്രത്യേക ഗൂഗ്ൾ ഡൂഡിളുകളിലൂടെയും വിവിധ പരിപാടികളിലൂടെയുമാണ് കമ്പനി പിറന്നാൾ ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.