ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇനി സ്വന്തം വെബ്സൈറ്റും; വമ്പൻ മാറ്റങ്ങളുമായി കമ്പനി

മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ വൻ മാറ്റങ്ങൾ വരാൻ പോകുന്നു. ഉപയോക്താക്കൾക്ക് സ്വന്തമായി വെബ് വിലാസങ്ങളും ഇന്‍ററാക്ടീവ് വെബ്‌സൈറ്റുകളും നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ .ഗ്രാം ടോപ്പ്-ലെവൽ ഡൊമെയ്‌നായി ടെലിഗ്രാം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ടെലിഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പാവൽ ദുറോവാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യം പറഞ്ഞത്.

ഈ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാൽ, പ്ലാറ്റ്‌ഫോമിലെ കോടിക്കണക്കിന് ഉപയോക്താക്കൾക്ക് യുവർനെയിം.ഗ്രാം എന്ന രീതിയിൽ സ്വന്തം പേരിൽ വെബ് വിലാസങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ഓൺലൈനിൽ പുതിയൊരു വ്യക്തിഗത തിരിച്ചടയാളം നൽകാനാണ് പുതിയ .ഗ്രാം ഡൊമെയ്ൻ ലക്ഷ്യമിടുന്നത്. സാധാരണ വെബ്‌സൈറ്റ് വിലാസങ്ങൾക്ക് പകരം, ടെലിഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കസ്റ്റമൈസ്ഡ് .ഗ്രാം വിലാസം ഉപയോക്താക്കൾക്ക് ലഭിക്കും.

ടെലിഗ്രാമിന്റെ വലിയ ഉപയോക്തൃ അടിത്തറയിലേക്ക് ഈ ഫീച്ചർ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുവഴി കോടിക്കണക്കിന് ആളുകൾക്ക് ഇത്തരം ഡൊമെയ്‌നുകൾ ലഭ്യമായേക്കാം. സാധാരണയായി വെബ്‌സൈറ്റ് നിർമ്മിക്കുന്നതുപോലെ ഹോസ്റ്റിങ് വാങ്ങുകയോ സങ്കീർണ്ണമായ സജ്ജീകരണങ്ങൾ ചെയ്യുകയോ ചെയ്യാതെ തന്നെ ഇന്‍ററാക്ടീവ് വെബ്‌സൈറ്റുകൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

സാങ്കേതിക ജ്ഞാനമില്ലാത്ത സാധാരണക്കാർക്കും എളുപ്പത്തിൽ സ്വന്തമായി വെബ്‌സൈറ്റുകൾ സൃഷ്ടിക്കാൻ ഈ ഫീച്ചർ സഹായകരമാകും. ഒരൊറ്റ പ്രോംപ്റ്റിലൂടെ ടെലിഗ്രാം ഹോസ്റ്റ് ചെയ്യുന്ന ഇന്‍ററാക്ടീവ് വെബ്‌സൈറ്റുകൾ സജ്ജീകരിക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് പാവൽ ദുറോവ് എക്സിൽ കുറിച്ചു. സ്വകാര്യ സന്ദേശങ്ങൾക്ക് പുറമേ ചാനലുകൾ, ബോട്ടുകൾ തുടങ്ങിയ നിരവധി സംവിധാനങ്ങൾ ടെലിഗ്രാം നൽകുന്നുണ്ട്.

നിലവിൽ ഉപയോക്താക്കൾക്ക് .ഗ്രാം ഡൊമെയ്ൻ റജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഇന്‍റർനെറ്റ് ഡൊമെയ്ൻ നാമങ്ങൾ നിയന്ത്രിക്കുന്ന ഐക്കൺ സംഘടനയുടെ ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടുതന്നെ ഈ പുതിയ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്നതിനെക്കുറിച്ചുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഡൊമെയ്‌നുകളുടെ വില എത്രയായിരിക്കും, ആർക്കൊക്കെയാണ് രജിസ്ട്രേഷന് അർഹതയുള്ളത്, ഉടമസ്ഥാവകാശം എങ്ങനെ പ്രവർത്തിക്കും തുടങ്ങിയ കാര്യങ്ങളിലും ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ.

Tags:    
News Summary - Telegram, website,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.