ന്യൂയോർക്ക്: ടെക് ബില്യണയർ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) കമ്പനിയായ എക്സ്എ.ഐ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ‘ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’ എന്നാണ് ഗ്രോക് 3യെ കുറിച്ച് മസ്ക് പറയുന്നത്. നിലവിലുള്ള എ.ഐ മോഡലുകളെ അതിശയിപ്പിക്കുന്നതാണ് ഗ്രോക് 3 എന്ന് മസ്ക് അവകാശപ്പെട്ടു.
ആദ്യഘട്ടത്തിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് ഉപയോക്താക്കൾക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. പല പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എ.ഐ ഐക്കൺ കൊടുത്തിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എ.ഐയുടെ വിശദീകരണം വായിക്കാനാകും. എക്സിലെ പ്രീമിയം വരിക്കാർക്കാണ് ഗ്രോക് 3ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക.
വളരെ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബുദ്ധിശക്തിയുള്ളതാണ് ഗ്രോക്ക് 3 എന്ന് മസ്ക് കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചിരുന്നു. അടുത്തിടെ ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഗ്രോക്ക് 3ക്ക് ലോകത്ത് നിലവിലുള്ള എല്ലാ എ.ഐ മോഡലുകളെയും മറികടക്കാൻ കഴിയുമെന്ന് മസ്ക് പറഞ്ഞിരുന്നു. സിന്തറ്റിക് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ഗ്രോക്ക് 3, സ്വയം തെറ്റുകളിൽനിന്ന് പഠിക്കാനും യുക്തിപരമായ കൃത്യത ഉറപ്പ് വരുത്താനും പര്യാപ്തമാണെന്ന് മസ്ക് അന്ന് പറഞ്ഞിരുന്നു.
നൂതന ചാറ്റ്ബോട്ടുകൾ വികസിപ്പിക്കാനുള്ള മസ്കിന്റെ കമ്പനിയുടെ ശ്രമങ്ങൾ എ.ഐ രംഗത്ത് വലിയ മത്സരം സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ ചാറ്റ് ജി.പി.റ്റിക്ക് വെല്ലുവിളി ഉയർത്തിയ ചൈന കുറഞ്ഞ ചെലവിൽ ഡീപ്സീക്ക് ചാറ്റ്ബോട്ട് നിർമിച്ചു ശ്രദ്ധ നേടിയിരുന്നു. എ.ഐ വികസിപ്പിക്കുന്നതിനെ സംബന്ധിച്ച് മസ്കും ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും തമ്മിൽ വിയോജിപ്പ് പുറത്ത് വന്നിരുന്നു.
മസ്കും ആൾട്ട്മാനും ലാഭേഛയില്ലാതെ 2015ൽ തുടങ്ങിവച്ച എ.ഐ പ്ലാറ്റ്‌ഫോമായ ഓപ്പൺ എ.ഐയിൽ ലാഭത്തിന് വേണ്ടി മാറ്റങ്ങൾ വരുത്തിയതാണ് മസ്കിന്‍റെ വിമർശനത്തിന് പിന്നിലുള്ള കാരണം. ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓപൺ എ.ഐയുടെ പേര് 'ക്ലോസ്ഡ്' എന്നാക്കിയതിന് കോടതിനടപടിയും സ്വീകരിച്ചിട്ടുണ്ട്. മസ്കും ആൾട്ട്മാനും മേൽകൈയുള്ള എ.ഐ മത്സര രംഗത്ത് ഗ്രോക്ക് 3 യുടെ വരവ് പുതിയമാനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.