ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ദുരന്ത മുന്നറിയിപ്പ് തത്സമയം ആളുകളിലേക്ക് എത്തിക്കുന്ന പുതിയ സംവിധാനം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി (എൻ.ഡി.എം.എ) സഹകരിച്ചാണ് പരീക്ഷണം നടത്തുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി) അറിയിച്ചു.
ഇന്റർനാഷനൽ ടെലികമ്മ്യൂണിക്കേഷൻ യൂനിയൻ ശിപാർശ ചെയ്യുന്ന കോമൺ അലേർട്ടിങ് പ്രോട്ടോക്കോൾ (സി.എ.പി) അടിസ്ഥാനമാക്കിയുള്ള, സെന്റർ ഓഫ് ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് അലേർട്ട് സിസ്റ്റമാണ് വിജയകരമായി പ്രവർത്തനക്ഷമമാക്കിയത്.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ വാതക ചോർച്ച, രാസ അപകടങ്ങൾ പോലുള്ള മനുഷ്യ നിർമിത ദുരന്ത സമയത്തോ ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് തൽക്ഷണം അലേർട്ടുകൾ അയക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. സാധാരണ എസ്.എം.എസ് അലേർട്ടുകളിൽ നിന്ന് വ്യത്യസ്തമായി സെൽ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ പ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അയക്കുന്നു. നിലവിൽ സംവിധാനം പരീക്ഷണത്തിലാണ്.
പരീക്ഷണ സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ ശനിയാഴ്ച മുതൽ അയച്ചുതുടങ്ങിയത്. ഈ സന്ദേശങ്ങൾ പരീക്ഷണത്തിന്റെ ഭാഗമാണെന്നും ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും ലഭിക്കുന്ന പരീക്ഷണ സന്ദേശങ്ങൾ അവഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. 19ലധികം ഇന്ത്യൻ ഭാഷകളിലായി 6,899 കോടിയിലധികം എസ്.എം.എസ് സന്ദേശങ്ങൾ നൽകാൻ ഈ സംവിധാനം വഴി കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.