ഗൂഗ്ൾ ഡീപ്മൈൻഡ് സി.ഇ.ഒ ഡെമിസ് ഹസ്സാബിസിനൊപ്പം ജോൺ ജമ്പർ (ഫോട്ടോ: റോയിട്ടേഴ്‌സ്)
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രതിഭകളെ സ്വന്തമാക്കാനുള്ള ആഗോള കമ്പനികളുടെ മത്സരത്തിൽ ഗൂഗ്ളിന് വൻ തിരിച്ചടി. ഗൂഗ്ൾ ഡീപ്മൈൻഡിന്റെ വൈസ് പ്രസിഡന്റും നോബൽ സമ്മാന ജേതാവുമായ ജോൺ ജമ്പർ കമ്പനി വിട്ട് പ്രമുഖ എ.ഐ സ്റ്റാർട്ടപ്പായ 'ആന്ത്രോപിക്' ൽ ചേരുന്നതായി പ്രഖ്യാപിച്ചു. പ്രശസ്തമായ 'ക്ലോഡ്' എ.ഐ മോഡലുകളുടെ നിർമാതാക്കളാണ് ആന്ത്രോപിക്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലായ എക്സിലൂടെയാണ് ജോൺ ജമ്പർ ഈ നിർണായക തീരുമാനം അറിയിച്ചത്. ഒമ്പത് വർഷത്തോളം നീണ്ട ഗൂഗിൾ ജീവിതം അവസാനിപ്പിക്കുകയാണെന്നും, ചെറിയൊരു ഇടവേളക്ക് ശേഷം ആന്ത്രോപിക്കിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എച്ച്.ഡി കഴിഞ്ഞ് വെറും ആറ് മാസത്തിന് ശേഷം തനിക്ക് 'ആൽഫാഫോൾഡ്' പദ്ധതിക്ക് നേതൃത്വം നൽകാൻ അവസരം തന്ന ഗൂഗ്ൾ ഡീപ്മൈൻഡ് സി.ഇ.ഓ ഡെമിസ് ഹസ്സാബിസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ജോൺ ജമ്പറുടെ എക്സ് പോസ്റ്റ് പങ്കുവെച്ച് ഡെമിസ് ഹസ്സാബിസ്
ജീവശാസ്ത്ര രംഗത്ത് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർക്ക് അസാധ്യമായിരുന്ന പ്രോട്ടീനുകളുടെ ഘടന മുൻകൂട്ടി പ്രവചിക്കുക എന്ന ദൗത്യമാണ് ജോൺ ജമ്പറുടെ നേതൃത്വത്തിലുള്ള എ.ഐ സംഘം 'ആൽഫാഫോൾഡ് 2'-ലൂടെ വിജയകരമായി പൂർത്തിയാക്കിയത്. സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയുൾപ്പെടെ ലോകത്തുള്ള 20 കോടിയോളം പ്രോട്ടീനുകളുടെ ഘടനയാണ് ഈ എ.ഐ സിസ്റ്റം കൃത്യമായി കണ്ടെത്തിയത്. ഈ വിപ്ലവകരമായ കണ്ടെത്തലിനാണ് 2024ൽ ജോൺ ജമ്പറിനും ഡെമിസ് ഹസ്സാബിസിനും രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
എ.ഐ വിപണിയിൽ കടുത്ത മത്സരം നേരിടുന്ന ഗൂഗ്ളിന് 48 മണിക്കൂറിനിടെ ഏൽക്കുന്ന രണ്ടാമത്തെ വലിയ പ്രഹരമാണിത്. കഴിഞ്ഞ ദിവസമാണ് ഗൂഗ്ളിന്റെ മറ്റൊരു പ്രമുഖ എ.ഐ എൻജിനീയറും ജെമിനി പ്രൊജക്റ്റിന്റെ കോ-ലീഡുമായിരുന്ന നോം ഷാസീർ ഗൂഗ്ൾ വിട്ട് ഓപ്പൺ എ.ഐലേക്ക് പോയത്. അതിനു തൊട്ടുപിന്നാലെയാണ് നോബൽ ജേതാവായ ജോൺ ജമ്പറും ഗൂഗ്ളിന്റെ കൈവിട്ടുപോകുന്നത്. ആന്ത്രോപിക് കമ്പനി നിലവിൽ ലൈഫ് സയൻസ്, ബയോളജി മേഖലകളിലേക്ക് തങ്ങളുടെ എ.ഐ ഗവേഷണങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ജോൺ ജമ്പറെപ്പോലൊരു ശാസ്ത്രജ്ഞന്റെ വരവ് കമ്പനിക്ക് വലിയ കരുത്താകും. ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള എ.ഐ കോഡിങ് ടൂളുകൾ വികസിപ്പിക്കുന്നതിൽ ഗൂഗ്ൾ നേരിടുന്ന ചില ആഭ്യന്തര പ്രതിസന്ധികളാണ് ഇത്തരം പ്രമുഖർ കമ്പനി വിടാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.