ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ (1500 കോടി) നിക്ഷേപിക്കാനൊരുങ്ങി ഗൂഗ്ൾ. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ഹബ്ബിനായുള്ള ഡാറ്റാ സെന്‍ററും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേന്ദ്രവും നിർമിക്കുന്നതിനാണ് ഗൂഗ്ൾ വൻതുക ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് എ.ഐ ഹബ്ബ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയതായി ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു.
ന്യൂഡൽഹിയിൽ ഗൂഗ്ൾ സംഘടിപ്പിച്ച 'ഭാരത് എ.ഐ ശക്തി' പരിപാടിയിലാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയിൽ ഗൂഗ്ൾ എ.ഐ ഹബ് തുടങ്ങുന്നതിലൂടെ എ.ഐ നവീകരണം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിനും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി സുന്ദർ പിച്ചൈ അറിയിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം സുന്ദർ പിച്ചൈ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
യു.എസിന് പുറത്തുള്ള ഏറ്റവും വലിയ ഗിഗാവാട്ട് ഡാറ്റ സെന്‍റർ വിശാഖ പട്ടണത്തിൽ നിർമിക്കുന്നതെന്ന് ഗൂഗ്ൾ ക്ലൗഡ് ഗ്ലോബൽ സി.ഇ.ഒ തോമസ് കുര്യൻ പറഞ്ഞു. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗ്ളിന്റെ ആഗോള എ.ഐ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാകും വിശാഖപട്ടണം. എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്.
മൈക്രോസോഫ്റ്റ്, എ.ഡബ്ല്യു.എസ്, ഇപ്പോൾ ഗൂഗ്ൾ തുടങ്ങിയ ടെക് ഭീമൻ കമ്പനികൾ അവരുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ അത്തരം നിക്ഷേപങ്ങൾക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. 2029 ഓടെ ആറ് ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി കൈവരിക്കാൻ ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നു. വിശാഖപട്ടണത്തെ രാജ്യത്തിന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ നിർണായക കേന്ദ്രമായി കണക്കാക്കാം. ഇത്തരം ഭീമൻ പദ്ധതികൾ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചക്ക് വളരെ സഹായകമാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.