'ദേ വന്നു ദാ പോയി' എന്ന് പറഞ്ഞപോലെ നാനോ ബനാന എ.ഐ സാരി ട്രെൻഡൊക്കെ പോയി ഗയ്സ്. ഇപ്പോൾ സമൂഹമാധ്യമം കത്തിക്കുന്നത് 'ഹഗ് മൈ യങർ സെൽഫ്' ട്രെൻഡാണ്. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമം ഭരിക്കുന്നത് ഗൂഗ്ൾ ജെമിനിയാണെന്ന് തന്നെ പറയാം. ഗൂഗ്ൾ ജെമിനി എ.ഐ നാനോ ബനാന ടൂൾ ഉപയോഗിച്ച് നിർമിക്കുന്ന എ.ഐ ചിത്രങ്ങൾ വളരെ പെട്ടന്നാണ് ജനങ്ങൾ ഏറ്റെടുത്തത്.
ബോളിവുഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട റെട്രോ സാരി, ഫെസ്റ്റീവ് സിൽക്ക് സാരി പോർടെയ്റ്റുകൾ തുടങ്ങി വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിർമിച്ച എ.ഐ ബനാന സാരിയിൽ ഉപയോക്താക്കൾ തിളങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഈ ട്രെൻഡിന് അധികനാൾ നിലനിൽപുണ്ടായില്ല എന്നുവേണം പറയാൻ. കാരണം അപ്പോഴേക്കും ഹഗ് മൈ യങർ സെൽഫ് ആ സ്ഥാനം കൈയ്യേറി കഴിഞ്ഞു.
ഇപ്പോൾ ട്രെൻഡായികൊണ്ടിരിക്കുന്ന 'ഹഗ് മൈ യങർ സെൽഫ്' നിങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒരുമിപ്പിച്ച് പുതിയ ചിത്രം നിർമിക്കുന്നതാണിത്. സാരി ട്രെൻഡിനേക്കാൾ എളുപ്പമാണ് ഇത് നിർമിക്കാൻ. പ്രോംപ്റ്റ് വളരെ ലളിതമാണ് എന്നതാണ് പ്രത്യേകത. ഹഗ് മൈ യങർ സെൽഫ് ട്രെൻഡിൽ എ.ഐ ടൂൾ ഉപയോഗിച്ച് കുട്ടിക്കാലത്തുള്ള നിങ്ങളെ വെർച്വലായി പുണരാൻ സാധിക്കുന്നു. നിരവധി പേർ ഈ ഫീച്ചർ ഉപയോഗിച്ച് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ച് കഴിഞ്ഞു.
ഇത്തരത്തിൽ ചിത്രം നിർമിക്കുന്നതിനും നാനോ ബനാനയെ തന്നെയാണ് ആശ്രയിക്കുന്നത്. ജെമിനി നാനോ ബനാനക്ക് നിങ്ങളുടെ രണ്ട് കാലയളവിലുള്ള ചിത്രങ്ങൾ നൽകിയതിന് ശേഷം ഉചിതമായ പ്രോംപ്റ്റ് നൽകിയാൽ മതി. പ്രോംപ്റ്റ് നൽകുമ്പോൾ വ്യകതതയോടെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഗൂഗ്ളിന്‍റെ ജെമിനി എ.ഐ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേറ്റിങ് ടൂളാണ് നാനോ ബനാന അഥവാ ജെമിനി 2.5 ഫ്ലാഷ് ഇമേജ്. എന്നാൽ ഇത്തരത്തിൽ ചിത്രങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നിങ്ങൾ നൽകുന്ന റഫറൻസ് ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഉയർത്തുന്ന പ്രധാന സുരക്ഷാ വെല്ലുവിളി.
വൈറൽ എ.ഐ ടൂളുകളിൽ ഏർപ്പെടുന്നതിന് മുമ്പ് ഉപയോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സെൻസിറ്റീവ് അല്ലെങ്കിൽ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, ലൊക്കേഷൻ ടാഗുകൾ പോലുള്ള മെറ്റാ ഡാറ്റ നീക്കം ചെയ്യുക, സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിങ്സുകൾ കർശനമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.