ഐ.ടി ലോകത്ത് 'മൂൺലൈറ്റിങ്' പ്രതിഭാസം; 300 തൊഴിലാളികളെ പിരിച്ചുവിട്ട് വിപ്രോ..

മൂൺലൈറ്റിങ് കാരണം 300 തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുകയാണ് ലോകപ്രശസ്ത ഇന്ത്യൻ ഐടി കമ്പനിയായ വിപ്രോ (WIPRO). ഒരു സ്ഥാപനത്തിലെ മുഴുവൻ സമയ ജീവനക്കാരനായിരിക്കെ അധിക വരുമാനത്തിനായി മറ്റേതെങ്കിലും സ്ഥാപനത്തിൽ സൈഡ് ജോലികൾ ചെയ്യുന്നതിനെയാണ് മൂൺലൈറ്റിങ് (moonlighting) അല്ലെങ്കിൽ ടു ടൈമിങ് (two timing) എന്ന് പറയുന്നത്. ലോകമെമ്പാടുമുള്ള പല ടെക്നോളജി കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ, പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 300 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിപ്രോ എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചത്. വിപ്രോയുടെ തന്നെ എതിരാളികളായ കമ്പനികൾക്ക് വേണ്ടിയാണ് വിപ്രോയിൽ നിന്ന് ശമ്പളം വാങ്ങിക്കൊണ്ട് തൊഴിലാളികൾ പ്രവർത്തിച്ചത്. പൊതുവെ, ശമ്പളം കൈപ്പറ്റുന്ന സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രികളിലാണ് ചിലർ 'സൈഡ് ബിസിനസ്' നടത്തുന്നത്. ചന്ദ്രന്റെ വെളിച്ചത്തിൽ ചെയ്യുന്ന ജോലി എന്ന നിലക്കാണ് ഈ പ്രവർത്തിക്ക് 'മൂൺലൈറ്റിങ്' എന്ന പേരും വന്നത്.

''കാര്യം വളരെ ലളിതമാണ്, ഇത് പൂർണ്ണമായും കമ്പനിയോട് ചെയ്യുന്ന വഞ്ചനയാണ്, അതുകൊണ്ടുതന്നെ അത്തരത്തിലുള്ളവരെ ഞങ്ങൾ പിരിച്ചുവിട്ടു''. -49 -ആമത് ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ കൺവെൻഷനിടെ ഇക്കണോമിക് ടൈംസിനോട് റിഷാദ് പ്രേംജി പ്രതികരിച്ചു.

നേരത്തെ ഇൻഫോസിസ് മൂൺലൈറ്റിങ്ങുമായി ബന്ധപ്പെട്ട് തൊളിലാളികൾക്കയച്ച സന്ദേശം വലിയ വാർത്തയായി മാറിയിരുന്നു. സ്ഥാപനത്തിന്റെ മൂൺലൈറ്റിങ് നിയമങ്ങൾ ലംഘിച്ചാൽ, അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് കമ്പനി മുന്നറിയിപ്പ് നൽകിയത്.

അതേസമയം, മൂൺലൈറ്റിങ്ങിനെ വലിയ പാപമായി കണക്കാക്കാനാകില്ലെന്ന് കാട്ടി ചിലർ രംഗത്തുവന്നിരുന്നു. ഒരു നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാമെന്നാണ് കമ്പനിയും ജീവനക്കാരും തമ്മിൽ കരാറുള്ളത്, അതിന് ശേഷം തൊഴിലാളികൾക്ക് മറ്റെന്ത് ജോലിയിലും ഏർപ്പെടാമെന്ന് ഇന്‍ഫോസിസ് മുന്‍ ഡറക്ടര്‍ മോഹന്‍ദാസ് പൈ പറഞ്ഞിരുന്നു.

Tags:    
News Summary - found moonlighting with rival company; Wipro fires 300 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.