വാഷിംങ്ടൺ: എ.ഐ ചാറ്റ് ബോട്ടായ ഗ്രോക്കിൻറെ മൂന്നാം പതിപ്പ് പുറത്തിറക്കാൻ തയാറെടുത്ത് ആഗോള ടെക് ഭീമനായ ഇലോൺ മസ്ക്. ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം 9.30 നാണ് ഗ്രോക്കിൻറെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്നാണ് 'ഗ്രോക്ക് 3' യെ കുറിച്ച് മസ്ക് എക്സിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
'അതി ഭയങ്കരമായി' മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബുദ്ധിശക്തിയുള്ളതാണ് ഗ്രോക്ക് 3 എന്ന് മസ്ക് എക്സിൽ കുറിച്ചു. അടുത്തിടെ ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഗ്രോക്ക് 3 ക്ക് ലോകത്ത് നിലവിലുള്ള എല്ലാ എ.ഐ മോഡലുകളെയും മറികടക്കാൻ കഴിയുമെന്ന് മസ്ക് പറഞ്ഞിരുന്നു. സിന്തറ്റിക് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ഗ്രോക്ക് 3 ക്ക് സ്വയം തെറ്റുകളിൽ നിന്ന് പഠിക്കാനും യുക്തിപരമായ കൃത്യത ഉറപ്പ് വരുത്താനും കഴിയുമെന്നും മസ്ക് അന്ന് പറഞ്ഞിരുന്നു.
അതിനൂതന ചാറ്റ്ബോട്ടുകൾ വികസിപ്പിക്കാനുള്ള മസ്കിന്റെ കമ്പനിയുടെ ശ്രമങ്ങൾ എ.ഐ രംഗത്ത് വലിയ മത്സരം സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ ചാറ്റ് ജി.പി.റ്റിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ചൈന കുറഞ്ഞ ചെലവിൽ ഡീപ്സീക്ക് ചാറ്റ്ബോട്ട് നിർമിച്ചു ശ്രദ്ധ നേടിയിരുന്നു. എ.ഐ വികസിപ്പിക്കുന്നതിനെ സംബന്ധിച്ച് മസ്കും ഓപ്പൺ എ.ഐ സി.ഇ.ഒ ആൾട്ട്മാനും തമ്മിൽ വിയോജിപ്പ് പുറത്ത് വന്നിരുന്നു. മസ്കും ആൾട്ടമാനും ലാഭേഛയില്ലാതെ 2015ൽ തുടങ്ങിവച്ച എ.ഐ പ്ലാറ്റ്‌ഫോമായ ഓപ്പൺ എ.ഐയിൽ ലാഭത്തിന് വേണ്ടി മാറ്റങ്ങൾ വരുത്തിയതാണ് മസ്കിൻറെ വിമർശനത്തിന് പിന്നിലുള്ള കാരണം. പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പൺ എ.ഐയുടെ പേര് 'ക്ലോസ്ഡ്' എന്നാക്കിയതിന് കോടതി നടപടിയും സ്വീകരിച്ചിട്ടുണ്ട്. മസ്കും ആൾട്ട്മാനും മേൽകൈയുള്ള എ.ഐ മത്സര രംഗത്ത് ഗ്രോക്ക് 3 യുടെ വരവ് പുതിയമാനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.