വമ്പൻ വില പറഞ്ഞ് ട്വിറ്ററിനെ സ്വന്തമാക്കാൻ ഇലോൺ മസ്ക്; സ്വതന്ത്ര സംവാദന വേദിയാക്കുക ലക്ഷ്യം

ന്യൂയോർക്ക്: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. രണ്ടു ദിവസം മുമ്പ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഒമ്പതു ശതമാനത്തിനു മുകളിൽ ഓഹരി കൈവശമുള്ള ഇലോൺ മസ്ക് 41 ദശലക്ഷം ഡോളറിന് (3.13 ലക്ഷം കോടി ഇന്ത്യൻ രൂപ) ട്വിറ്റർ വാങ്ങാൻ മുന്നോട്ടുവന്നത്. ബുധനാഴ്ച ട്വിറ്ററിന് അയച്ച കത്തിലൂടെയാണ് മസ്ക് വാങ്ങാൻ സന്നദ്ധത അറിയിച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളറാണ് (4133 ഇന്ത്യൻ രൂപ) മസ്ക് ഇട്ട വില.

ലോകമെങ്ങുമുള്ള സ്വതന്ത്ര സംവാദത്തിന് വേദിയാകുമെന്നതിനാലാണ് താൻ ട്വിറ്ററിൽ നിക്ഷേപിച്ചതെന്നും ജനാധിപത്യം സുഗമമായി പ്രവർത്തിക്കാൻ സ്വതന്ത്ര സംവാദം അനിവാര്യമാണെന്നും മസ്ക് പറഞ്ഞു. എന്നാൽ, ഈ ലക്ഷ്യം നിറവേറ്റുന്നില്ലെന്നാണ് നിക്ഷേപിച്ച ശേഷം തനിക്ക് മനസ്സിലായതെന്നും ട്വിറ്റർ സ്വകാര്യ കമ്പനിയായി മാറ്റണമെന്നാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഇക്കഴിഞ്ഞ ജനുവരി 31 മുതൽ ദിനേന ട്വിറ്ററിന്റെ ഓഹരികൾ താൻ വാങ്ങുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കി. നിലവിൽ വാൻഗാർഡ് ഗ്രൂപ്പിനാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരി.

വൻതോതിൽ ഓഹരികൾ മസ്ക് വാങ്ങിക്കൂട്ടിയതോടെ 14.9 ശതമാനത്തിനു മുകളിൽ ഓഹരി സ്വന്തമാക്കരുതെന്ന കരാറിൽ മസ്കിന് ട്വിറ്റർ ഡയറക്ടർ ബോർഡിൽ ഇടംനൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, മസ്ക് ഈ കരാറിൽനിന്ന് പിൻമാറുകയും ട്വിറ്ററിന് മൊത്തമായി വില പറയുകയുമാണുണ്ടായത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളവരിൽ പ്രധാനിയാണ് ഇലോൺ മസ്ക്. 81 ദശലക്ഷം ഫോളോവേഴ്സാണ് മസ്കിനുള്ളത്.

അതേസമയം, ട്വിറ്ററി​ന്റെ ഓഹരികൾ വാങ്ങിയ വിവരം മസ്ക് മറച്ചുവെക്കുകയായിരുന്നുവെന്നും ഇത് യു.എസിലെ വിപണി നിയമങ്ങളുടെ ലംഘനമാണെന്നും കാണിച്ച് യു.എസ് ഫെഡറൽ കോടതിയിൽ ഇലോൺ മസ്കിനെതിരെ കേസുണ്ട്. ജനുവരി മുതൽ ഓഹരികൾ വാങ്ങിയ മസ്ക് ഒമ്പത് ശതമാനം എത്തുന്നതുവരെ വിവരം പുറത്തുവിട്ടിരുന്നില്ല. ഓഹരികൾ വാങ്ങിക്കൂട്ടുകയും ഒടുവിൽ ട്വിറ്ററിനെ വിഴുങ്ങാനൊരുങ്ങുകയും ചെയ്യുന്ന ഇലോൺ മസ്കിന്റെ നീക്കത്തിൽ ട്വിറ്ററിലെ ജീവനക്കാരും ആശങ്കാകുലരാണ്. 

Tags:    
News Summary - Elon Musk to acquire Twitter for a hefty price; Aim to make the forum free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.