വരുന്നു 'ട്വിറ്റർ 2.0 - എവരിതിങ് ആപ്പ്'; കിടിലൻ ഫീച്ചറുകൾ വെളിപ്പെടുത്തി ഇലോൺ മസ്ക്

ട്വിറ്റർ ഏറ്റെടുത്ത ലോകകോടീശ്വരൻ ഇലോൺ മസ്ക് ഏതാനും ആഴ്ചകളായി പ്ലാറ്റ്ഫോമിൽ നിരവധി അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിട്ടും നേതൃസ്ഥാനത്തേക്ക് സ്വന്തക്കാരെ കൊണ്ടുവന്നും മുമ്പ് വിലക്കിയ പലരുടെയും അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചും പുത്തൻ ഫീച്ചറുകൾ ചേർത്തും ട്വിറ്ററിലാകെ ബഹളമാണ്. മസ്കിന്റെ ലീലാവിലാസങ്ങളെ പിന്തുണച്ചും എതിർത്തും സെലബ്രിറ്റികളും രാഷ്ട്രീയക്കാരുമടക്കമുള്ളവർ രംഗത്തുവരുന്നുണ്ട്.

എന്നാൽ, ഇലോൺ മസ്ക് അവിടം കൊണ്ടൊന്നും നിർത്താനുള്ള ഭാവമില്ല. ട്വിറ്റർ 2.0 ആണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. അതൊരു സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആകില്ലെന്ന് വ്യക്തമാക്കുന്ന ചില സൂചനകളുമായി അദ്ദേഹം ട്വിറ്ററിൽ തന്നെയെത്തിയിട്ടുണ്ട്. കൂടാതെ നിലവിൽ ട്വിറ്റർ നേടുന്ന നേട്ടങ്ങൾ സൂചിപ്പിക്കുന്ന രണ്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വിറ്റർ 2.0 സവിശേഷതകൾ

'ട്വിറ്റർ 2.0 - എവരിതിങ് ആപ്പ്' എന്ന സ്വപ്നത്തിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഏതാനും ചില സ്ലൈഡുകൾ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കിട്ടു. ട്വിറ്റർ 2.0 - എവരിതിങ് ആപ്പിൽ അതീവ സുരക്ഷയുള്ള എൻക്രിപ്റ്റഡ് സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യമുണ്ടാകും. നിലവിലുള്ള 240 അക്ഷരങ്ങൾ എന്ന പരിമിതി ഒഴിവാക്കി ദൈർഘ്യമേറിയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ, പെയ്മെന്റുകൾ നടത്താനുള്ള സംവിധാനം, നേരത്തെ നിർത്തിവെച്ച പണം നൽകിയുള്ള വെരിഫിക്കേഷൻ സൗകര്യത്തിന്റെ റീലോഞ്ച് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ.


ദൈർഘ്യമേറിയ വിഡിയോകൾ അപ്ലോഡ് ​ചെയ്യാനുള്ള ഓപ്ഷനും പരസ്യങ്ങളെ ആസ്വദിക്കാൻ കഴിയും വിധം വിനോദമാക്കലുമൊക്കെ മസ്കിന്റെ ലക്ഷ്യങ്ങളിൽ പെടും. ട്വിറ്ററിലെ ജീവനക്കാരുമായുള്ള മീറ്റിങ്ങിൽ പ്രദർശിപ്പിച്ച സ്ലൈഡുകളാണ് മസ്ക് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ട്വിറ്റർ 2.0 ഒരു വിപ്ലവം പോലെ ടെക് ലോകത്ത് ഉദയം ചെയ്യുമെന്ന് തന്നെയാണ് നെറ്റിസൺസ് പ്രതീക്ഷിക്കുന്നത്.

പലസേവനങ്ങൾ ഒരു കുടക്കീഴിലെത്തിക്കുന്ന ഒരു സോഷ്യൽ മീഡിയ തന്റെ മനസിലുള്ളതായി മസ്ക് നേരത്തെ പറഞ്ഞിരുന്നു. എക്സ് (X) എന്ന പേരും അതിന് നൽകിയിരുന്നു. ട്വിറ്റർ വാങ്ങൽ അതിനെ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്നും അന്ന് സൂചന നൽകുകയുണ്ടായി. 


Tags:    
News Summary - Elon Musk shares his vision for 'Twitter 2.0 - Everything App'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.