ട്രംപിന്റെ പുതിയ പദ്ധതിയെ​ച്ചൊല്ലി മസ്കും ഓപൺ എ.ഐ സി.ഇ.ഒയും തമ്മിൽ കലഹം

വാഷിംങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ‘സ്റ്റാർഗേറ്റ്’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്ടി​നെച്ചൊല്ലി ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനുമായി ഏറ്റുമുട്ടി ഇലോൺ മസ്‌ക്. രണ്ട് സാങ്കേതിക ഭീമൻമാർ തമ്മിലുള്ള കലഹത്തിൽ ഏറ്റവും പുതിയതാണിത്.

മൾട്ടി നാഷണൽ കമ്പനികളായ ‘ഒറാക്കിളി’നും ‘സോഫ്റ്റ്‌ബാങ്കി’നും ഒപ്പം ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപൺ എ.ഐയുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ 500 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുന്ന സംയുക്ത സംരംഭം ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ അടുത്ത ഉപദേഷ്ടാവായ മസ്‌ക്, മണിക്കൂറുകൾക്കകം ഓപൺ എ.ഐയുടെ നിക്ഷേപത്തിന്റെ മൂല്യം ചോദ്യം ചെയ്തു ​രംഗത്തെത്തി.

‘അവരുടെ പക്കൽ യഥാർത്ഥത്തിൽ പണമില്ല. അതേസമയം, സോഫ്റ്റ് ബാങ്കിന് പത്ത് ബില്യൻ ഡോളറിൽ കുറയാത്ത സാമ്പത്തിക സുരക്ഷിതത്വമു​​ണ്ടെന്നും’ മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ എഴുതി.

അതിനുപിന്നാലെ, എല്ലാവർക്കും അറിയാവുന്നതുപോലെ മസ്ക് തെറ്റായിരുന്നുവെന്ന പ്രതികരണവുമായി ആൾട്ട്മാനും രംഗത്തെത്തി. ടെക്സാസിൽ നിർമാണത്തിലിരിക്കുന്ന തങ്ങളുടെ സൈറ്റ് സന്ദർശിക്കാൻ മസ്കിനെ ക്ഷണിക്കുകയും ചെയ്തു.

സ്റ്റാർഗേറ്റിനെച്ചൊല്ലിയുള്ള പുതിയ സംഘർഷം, ഓപ്പൺ എ.ഐ പ്രവർത്തനവുമായി ബന്ധ​​​​പ്പെട്ട് മസ്‌കും ആൾട്ട്മാനും തമ്മിലുള്ള വർഷങ്ങളായി തുടരുന്ന ‘ബോർഡ് റൂം’ തർക്കത്തിന്റെ തുടർച്ചയാണ്. ആദ്യകാല ഓപ്പൺ എ.ഐ നിക്ഷേപകനും ബോർഡ് അംഗവുമായ മസ്‌ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയുടെ സ്ഥാപക ലക്ഷ്യങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം കമ്പനിക്കെതിരെ കേസ് നൽകിയിരുന്നു.

മസ്ക് തന്റെ പരാതിയിൽ പുതിയ വാദങ്ങൾ ചേർക്കുകയും, കൂടുതൽ ലാഭേച്ഛയോടെയുള്ള ബിസിനസ്സാക്കി മാറ്റാനുള്ള ഓപ്പൺ എ.ഐയുടെ പദ്ധതികളെ തടയാൻ കോടതി ഉത്തരവ് ആവശ്യപ്പെടുകയും ചെയ്തു. ഈ കേസിൽ ഫെബ്രുവരി ആദ്യം കാലിഫോർണിയ ഫെഡറൽ കോടതി വാദം കേൾക്കും.

ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നീ കമ്പനികൾ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ധനികൻ, കഴിഞ്ഞ വർഷം ടെന്നസിയിലെ മെംഫിസിൽ xAI എന്ന കമ്പനി ആരംഭിക്കുകയുണ്ടായി. ഓപ്പൺ എ.ഐയുടെ എതിരാളിയായിട്ടാണിതിനെ കാണുന്നത്. ഓപൺ എ.ഐയിൽ നിന്നും അതി​ന്റെ അടുത്ത ബിസിനസ്സ് പങ്കാളിയായ മൈക്രോസോഫ്റ്റിൽ നിന്നും അന്യായമായ മത്സരം നേരിടുന്നതായാണ് മസ്‌കിന്റെ ആരോപണം.

Tags:    
News Summary - Elon Musk, OpenAI CEO at loggerheads over Trump supported Stargate AI data centre project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.