‘100 മില്യൺ ഫോളോവേഴ്സുണ്ട്, എന്നിട്ടും റീച്ച് പോര’; ട്വിറ്റർ എൻജിനീയറെ പുറത്താക്കി മസ്ക്

ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞതിന് കമ്പനിയിലെ മുതിർന്ന എൻജിനീയറെ പുറത്താക്കി സി.ഇ.ഒ ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്റെ അക്കൗണ്ടിന്റെ അവസ്ഥ ദയനീയമാണെന്നാണ് മസ്ക് പറയുന്നത്. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്ക് കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലെ സമീപകാല മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചെന്നായിരുന്നു അവരും ആരോപിച്ചത്.

അതേസമയം, മസ്ക്, കഴിഞ്ഞ ആഴ്ച തന്റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. അങ്ങനെ ചെയ്താൽ തന്റെ ട്വീറ്റുകൾ കൂടുതലാളുകളിലേക്ക് എത്തുന്നുണ്ടോ.. എന്ന് പരിശോധിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ‘ദ വെർജ്’ റിപ്പോർട്ട് ചെയ്തു.

എല്ലാത്തിനുമുള്ള ഉത്തരങ്ങൾക്കായി ടെസ്‍ല തലവൻ ട്വിറ്ററിന്റെ ആസ്ഥാനത്ത് എഞ്ചിനീയർമാരുടെയും ഉപദേശകരുടെയും മീറ്റിങ് സംഘടിപ്പിക്കുകയും ചെയ്തു. ‘‘എനിക്ക് ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. എന്നാൽ, എന്റെ ട്വീറ്റുകൾക്ക് പതിനായിരക്കണക്കിന് ഇംപ്രഷനുകൾ മാത്രമേ ലഭിക്കുന്നുള്ളൂ, ’’. -യോഗത്തിൽ ഇലോൺ മസ്ക് പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

44 ബില്യൺ ഡോളർ നൽകി ട്വിറ്റർ സ്വന്തമാക്കി, ഒരു വർഷത്തിനുള്ളിൽ തന്നെ, മസ്കിന്റെ ലീലാവിലാസങ്ങളോടുള്ള പൊതുജന താൽപ്പര്യം കുറയാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കമ്പനിയുടെ ശേഷിക്കുന്ന രണ്ട് പ്രിൻസിപ്പൽ എഞ്ചിനീയർമാരിൽ ഒരാൾ മസ്‌കിന്റെ റീച്ച് കുറയുന്നതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തി.

‘ഗൂഗിൾ ട്രെൻഡ് ചാർട്ട്’ സഹിതം മസ്കിന്റെ ‘റീച്ച്’ വെളിപ്പെടുത്തുന്ന ഒരു ആഭ്യന്തര ഡാറ്റ ട്വിറ്റർ ജീവനക്കാർ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിലെ സെർച്ച് റാങ്കിങ് പ്രകാരം മസ്ക് ഏറ്റവും വലിയ ജനപ്രീതി നേടിയിരുന്നു. എന്നാൽ, ഇന്ന് ജനപ്രീതിയിൽ 100ൽ ഒമ്പത് എന്ന സ്കോറിലേക്ക് അദ്ദേഹം കൂപ്പുകുത്തിയതായി അവർ ചൂണ്ടിക്കാട്ടി.

മസ്‌കിന്റെ റീച്ച് മനഃപൂർവം പരിമിതപ്പെടുത്തിയതാണോ എന്ന് എഞ്ചിനീയർമാർ മുമ്പ് പരിശോധിച്ചിരുന്നു, എന്നാൽ ‘അൽഗോരിതം അദ്ദേഹത്തോട് പക്ഷപാതപരമായിരുന്നു’ എന്നതിന് ഒരു തെളിവും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, സമീപകാല സംഭവങ്ങളും ജീവനക്കാരുടെ വിശദീകരണവുമൊന്നും ഇലോൺ മസ്കിനെ തണുപ്പിച്ചില്ല. അദ്ദേഹം ഉടൻ തന്നെ എൻജിനീയറെ നിരുപാദികം പിരിച്ചുവിട്ടു. 

Tags:    
News Summary - Elon Musk Fires Top Twitter Engineer Over His Declining Reach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.