ട്വിറ്ററിൽ കൂട്ടപിരിച്ചുവിടലിന് ഇലോൺ മസ്ക്; പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക ആവശ്യപ്പെട്ടു

വാഷിങ്ടൺ: ശതകോടീശ്വരൻ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗൽ, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.

വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് മസ്കിന്‍റെ നടപടി. വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തയാറെടുപ്പിലാണ് മസ്ക്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാൻ മാനേജർമാർക്ക് മസ്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരം. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം തന്നെ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി മസ്ക് ആരംഭിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്ക് ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ, മസ്ക് പിരിച്ചുവിടാൻ ഒരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററിൽ നേരത്തെ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.

75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നത് ദോഷകരമായി ബാധിക്കുമെന്നും പറയുന്നവരുണ്ട്. 2022 ഏപ്രിലിൽ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Elon Musk Asks Twitter Managers For List Of People To Be Laid Off: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.