അസം സ്വദേശിയുടെ മെസേജിങ് ആപ്പ് 416 കോടിക്ക് സ്വന്തമാക്കി വേർഡ്പ്രെസ്സ്

ഗുവാഹത്തി: സ്വപ്നം കണ്ട വലിയ നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് അസം സ്വദേശിയായ കിഷൻ ബഗരിയ. കിഷൻ വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പ് 416 കോടിക്ക് വിറ്റ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

വേർഡ്പ്രെസ്സിന്റെ ഉടമയും ഓട്ടോമാറ്റിക് ഇൻകിന്റെ സ്ഥാപകനുമായ മാറ്റ് മുള്ളെൻവെഗ് ആണ് കിഷനിൽ നിന്നും ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്സ്റ്റ്.കോം എന്നാണ് കിഷൻ വികസിപ്പിച്ചെടുത്ത ഈ മെസേജിങ് ആപ്പിന്‍റെ പേര്.

‘ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസ് ‘ എന്നാണ് മുള്ളെൻവെഗ് കിഷനെ വിശേഷിപ്പിച്ചത്. കിഷന്റെ കഴിവും നേട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നും മുള്ളെൻവെഗ് പറഞ്ഞു. നിരവധി പേരാണ് കിഷന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നത്.

പ്രമുഖ മെസേജിങ് അപ്പുകളായ ഐ മെസേജ്, സ്ലാക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, മെസ്സഞ്ചർ, ലിങ്ക്ഡ്ഇൻ, ഡിസ്കോർഡ്, എക്സ് തുടങ്ങിയവ എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ടെക്സ്റ്റ്.കോം ആപ്പിന്റെ പ്രത്യേകത. വേർഡ്പ്രെസ്സിനും ടംബ്ലറിനും ശേഷം ഓട്ടോമാറ്റിക് ഇൻക് തങ്ങളുടെ കമ്പനി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന പുതിയ ആപ്പ് ആകും ടെക്സ്റ്റ്.കോം.

കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ആപ്പ് സ്വന്തമാക്കിയ ശേഷം ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു. ടെക്സ്റ്റ്.കോമിന്റെ എല്ലാ ചുമതലകളും കിഷൻ തന്നെ ആയിരിക്കും നിർവഹിക്കുക. കൂടാതെ മെസ്സേജിങ് സെക്ഷന്റെ മേധാവിയായും കിഷനെ കമ്പനി നിയമിച്ചു.

Tags:    
News Summary - Dibrugarh boy’s messaging app sold for ₹416 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.