കോപ്പൻഹേഗൻ: നിർമിതബുദ്ധി (എ.ഐ) വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഡീപ്ഫേക് വിഡിയോകളും ചിത്രങ്ങളും ആഗോളതലത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ വാസ്തവമെന്നു തോന്നിപ്പിക്കുന്ന എ.ഐ നിർമിത ഡീപ്ഫേക് ദൃശ്യങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതു തടയാൻ സ്വന്തം ശരീരത്തിനും മുഖത്തിനും ശബ്ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ആലോചിക്കുകയാണ് ഡെൻമാർക്ക്. ഇതിനായി പകർപ്പവകാശനിയമം ഭേദഗതിചെയ്യാനാണ് ഡാനിഷ് സർക്കാർ തയാറെടുക്കുന്നത്. ഇത്തരത്തിൽ ഒരു നിയമം യൂറോപ്പിൽ ആദ്യമായാണ് വരുന്നത്.
‘വ്യക്തിയുടെ രൂപവും ശബ്ദവും ഉൾപ്പെടെയുള്ളവയുടെ ഏറ്റവും യഥാതഥമായ ഡിജിറ്റൽ പ്രതിനിധാനം’ എന്നാണ് ഡെൻമാർക്ക് ഡീപ്ഫെയ്ക്കിനു നൽകുന്ന നിർവചനം. എല്ലാവർക്കും സ്വന്തം ശരീരത്തിലും ശബ്ദത്തിലും മുഖാവയവങ്ങളിലും അവകാശമുണ്ടെന്ന ‘അസന്ദിഗ്ധമായ സന്ദേശം’ നൽകുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്ന് ഡാനിഷ് സാംസ്കാരികമന്ത്രി ജേക്കബ് എംഗൽ ഷ്മിഡ്റ്റ് പറഞ്ഞു. നിലവിലെ നിയമം എ.ഐയിൽനിന്ന് ഈ സംരക്ഷണം നൽകുന്നില്ല.
നിയമത്തിന് അംഗീകാരമാകുന്നതോടെ തങ്ങളുടെ അനുമതിയില്ലാതെ ഓൺലൈനിൽ പങ്കുവെച്ചിരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്ക് കൈവരും. കലാപ്രവർത്തകരുടെ ഡിജിറ്റലായുണ്ടാക്കിയ അവതരണങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ, ഹാസ്യാനുകരണങ്ങൾ, ആക്ഷേപഹാസ്യം എന്നിവയെ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് ഡെൻമാർക്കിന്റെ പ്രതീക്ഷ. വൈകാതെ യൂറോപ്യൻ യൂണിന്റെ പ്രസിഡന്റ് പദവിയേൽക്കാനിരിക്കുകയാണ് ഡെൻമാർക്ക്. പുതിയ നിയമം അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ, ടെക് കമ്പനികൾ കനത്ത തുക പിഴയൊടുക്കേണ്ടിവരുമെന്ന് മന്ത്രി ഏംഗൽ ഷ്മിഡ്റ്റ് പറഞ്ഞു. പിഴയീടാക്കൽ യൂറോപ്യൻ കമീഷന്റെ പരിധിയിൽവരുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.