50 കോടി വാട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങൾ വിൽപനക്ക്

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളിലെ വാട്സ് ആപ് സ്ഥിരമായി ഉപയോഗിക്കുന്ന 48.7 കോടി പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വിൽപനക്കു വെച്ചതായാണ് വിവരം. ഹാക്കിങ് കമ്യൂണിറ്റി ഫോറത്തില്‍ യു.എസ്, യു.കെ, ഈജിപ്ത്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അജ്ഞാതന്‍ വിൽപനക്കുവെച്ചിരിക്കുന്നതായാണ് സൈബർ ന്യൂസിന്റെ റിപ്പോര്‍ട്ട്.

ഹാക്കറുമായി ബന്ധപ്പെട്ട് സൈബർ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ചോർത്തിയ യു.എസ്, യു.കെ നമ്പറുകൾ സജീവ ഉപയോക്താക്കളുടേതാണെന്ന് തെളിഞ്ഞു. ഇന്ത്യയില്‍നിന്ന് 60 ലക്ഷം വാട്സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർത്തിയത്. യു.എസ്- 3.20 കോടി, യു.കെ 1.15 കോടി, ഈജിപ്ത്- 4.5 കോടി, ഇറ്റലി- 3.5 കോടി, റഷ്യ- ഒരു കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് വിൽപക്കുവെച്ചിരിക്കുന്നത്.

നമ്പറുകള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയത് സോഫ്റ്റ്വെയർ പ്രോഗ്രാമുകളായ ബോട്ടുകൾ ഉപയോഗിച്ചാണെന്നാണ് സൂചന. ഹാക്കര്‍മാര്‍ ഈ വിവരങ്ങൾ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ നടത്താൻ സാധ്യതയുള്ളതിനാല്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ നമ്പറുകളും സജീവ വാട്സ്ആപ് ഉപയോക്താക്കളുടേതാണെന്ന് ചോർത്തിയ ഹാക്കർ അവകാശപ്പെടുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് ആഗോളതലത്തിൽ പ്രതിമാസം 200 കോടി സജീവ ഉപയോക്താക്കളുണ്ട്. വാട്സ്ആപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരമോഷണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തൽ. യു.എസിൽനിന്നുള്ള ഡേറ്റബേസ് 7000 ഡോളറിനും യു.കെ, ജർമൻ ഡേറ്റ യഥാക്രമം 2500, 2000 ഡോളറിനും ലഭ്യമാണെന്നാണ് റിപ്പോർട്ട്.

ഇതാദ്യമല്ല മെറ്റയോ അതിന്റെ പ്ലാറ്റ്‌ഫോമുകളോ വിവരച്ചോർച്ച വിവാദത്തിൽ കുടുങ്ങുന്നത്. ഇന്ത്യയിലെ 60 ലക്ഷത്തിലധികം പേരുടേതടക്കം 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കഴിഞ്ഞ വർഷം ചോർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 2019ൽ 41. 9 കോടി ഫേസ്ബുക്ക്, 4.9 കോടി ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ഡേറ്റ ചോർന്നിരുന്നു. അതേ വർഷംതന്നെ 26.70 കോടി ഉപയോക്താക്കളുടെ വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. അതേസമയം, വാട്സ്ആപ് പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Data of 50 crore WhatsApp users for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.