ബിനാൻസിൽ 630 കോടി ഡോളറിന്റെ ക്രിപ്റ്റോ കവർച്ച; പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാരെന്ന് സംശയം

ന്യൂയോർക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ 630 കോടി ഡോളറിന്റെ (ഏകദേശം 59,000 കോടി രൂപ) ക്രിപ്റ്റോ ആസ്തികളെ ബാധിച്ച സൈബർ ആക്രമണം. സംഭവത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരെന്ന് സംശയം. യു.എസ് ആസ്ഥാനമായ ബ്ലോക്ക്ചെയിൻ ഇന്റലിജൻസ് സ്ഥാപനമായ ടി.ആർ.എം ആണ്, ഉത്തരകൊറിയയുടെ പ്രത്യേക ഹാക്കിങ് സംഘമായ ‘ട്രേഡർട്രെയ്റ്റർ’ ആണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ഏകദേശം 630 കോടി ഡോളറിന്റെ ആസ്തികളെ സൈബർ ആക്രമണം ബാധിച്ചതായി ബിനാൻസ് സ്ഥിരീകരിച്ചത്. ഇതിൽ 300 കോടി ഡോളറോളം വരുന്ന ആസ്തികൾ മരവിപ്പിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു.

ബ്ലോക്ക്ചെയിൻ പങ്കാളികളുമായി സഹകരിച്ചാണ് ആസ്തികൾ മരവിപ്പിച്ചത്. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നതുവരെ ക്രിപ്റ്റോകറൻസി നിക്ഷേപങ്ങളും പിൻവലിക്കലുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബിനാൻസിന്റെ ഡിജിറ്റൽ വാലറ്റുകളിൽനിന്ന് 10 വ്യത്യസ്ത ബ്ലോക്ക്ചെയിൻ ശൃംഖലകളിലായി ഏകദേശം 636 കോടി ഡോളറിന്റെ ആസ്തികൾ ഹാക്കർമാർ മാറ്റിയെന്നാണ് ടി.ആർ.എമ്മിന്റെ കണ്ടെത്തൽ. ഇതിൽ ഭൂരിഭാഗവും വെറും 20 മിനിറ്റിനുള്ളിലാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ ക്രിപ്റ്റോകറൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരിക്കുമെന്നും സ്ഥാപനം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മറ്റൊരു പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈബിറ്റിൽ നടന്ന ഹാക്കിങ്ങിൽ 150 കോടി ഡോളർ നഷ്ടപ്പെട്ടിരുന്നു. ഇതിനുപിന്നിൽ ഉത്തരകൊറിയയും ട്രേഡർട്രെയ്റ്റർ സംഘവുമാണെന്ന് എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ബിനാൻസിലെ പുതിയ ആക്രമണത്തിന് പിന്നിലും ഇതേ സംഘമായിരിക്കാമെന്നാണ് ബ്ലോക്ക്ചെയിൻ വിശകലന സ്ഥാപനമായ ചെയിനാലിസിസിന്റെ വിലയിരുത്തൽ. സ്ഥാപനത്തിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോനാഥൻ ലെവിൻ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഉത്തരകൊറിയയുടെ പങ്കാളിത്തം ബിനാൻസ് സ്ഥിരീകരിച്ചിട്ടില്ല. കുറ്റവാളികളെ തിരിച്ചറിയാനും നിയമത്തിന് മുന്നിലെത്തിക്കാനും അന്വേഷണ ഏജൻസികളുമായി സഹകരിച്ചുവരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

Tags:    
News Summary - Crypto heist on Binance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.