2027-ൽ മെമ്മറി ചിപ്പ് പ്രതിസന്ധിയും വിലവർധനവും രൂക്ഷമാകും; എഐ മുന്നേറ്റം വിപണിയെ മാറ്റിമറിക്കുന്നുവെന്ന് സാംസങ്

ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമം 2027ൽ കൂടുതൽ വഷളാകുമെന്നും 2028 വരെ പ്രതിസന്ധി തുടരുമെന്നും ലോകത്തെ മുൻനിര ചിപ്പ് നിർമ്മാതാക്കളായ സാംസങ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ അതിവേഗ വളർച്ച ചിപ്പ് വിപണിയെ പൂർണ്ണമായും സ്വാധീനിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് സാംസങ്ങിന്റെ ഈ നിർണ്ണായക മുന്നറിയിപ്പ്. സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും വാങ്ങാനിരിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് ഇത് വലിയ തിരിച്ചടിയാകാനാണ് സാധ്യത.

എഐ സംവിധാനങ്ങളുടെയും സ്മാർട്ട് സെർവറുകളുടെയും ആവശ്യകത ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഭാരമേറിയ എഐ ജോലികൾക്കായി സാങ്കേതിക കമ്പനികൾ ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) പോലുള്ള പ്രത്യേക ഹൈ സ്പീഡ് ചിപ്പുകളെയാണ് ആശ്രയിക്കുന്നത്.

ഇത്തരം എഐ ചിപ്പുകളുടെ ഉത്പാദനത്തിലേക്ക് ഫാക്ടറികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ സാധാരണ ആൻഡ്രോയിഡ് ഫോണുകളിലും ബജറ്റ് ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന സാധാരണ മെമ്മറി ചിപ്പുകളുടെ ഉത്പാദനം കുത്തനെ കുറഞ്ഞിരിക്കുകയാണ്. വലുതും സങ്കീർണ്ണവുമായ എഐ ചിപ്പുകൾ നിർമ്മിക്കുന്നത് സാധാരണ ചിപ്പുകളുടെ ലഭ്യതയെ ബാധിക്കുന്നുവെന്ന് സാംസങ് എക്സിക്യൂട്ടീവ് ജേജുൻ കിം വ്യക്തമാക്കി.

എഐ ഹാർഡ്‌വെയറുകൾ സ്വന്തമാക്കാൻ ടെക് കമ്പനികൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 2026-ലെ മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച വേളയിലാണ് 2027-ലേക്കായി ആസൂത്രണം ചെയ്തിട്ടുള്ള അത്യാധുനിക HBM4 ചിപ്പുകളുടെ മുഴുവൻ സ്റ്റോക്കും ഇതിനകം പൂർണ്ണമായി വിറ്റുതീർന്നതായി സാംസങ് വെളിപ്പെടുത്തിയത്.

മൊബൈൽ, ഓട്ടോമൊബൈൽ മേഖലകളിൽ നിന്നുള്ള ഉപഭോക്താക്കളും വിപണിയിൽ ദൗർലഭ്യം രൂക്ഷമാകുന്നതിന് മുമ്പ് കരാറുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ ആവശ്യകത നേരിടാൻ അടുത്ത വർഷം ആദ്യ പകുതിയോടെ അടുത്ത തലമുറ HBM4E ചിപ്പുകളുടെ വൻകിട ഉത്പാദനം ആരംഭിക്കുമെന്ന് സാംസങ് അറിയിച്ചു.

മെമ്മറി ചിപ്പുകൾക്കുള്ള ആവശ്യകത വർദ്ധിച്ചതോടെ, പ്രവർത്തന ലാഭത്തിൽ 100 ട്രില്യൺ വോൺ മറികടക്കുന്ന ആദ്യ ആഗോള ടെക് കമ്പനിയായി സാംസങ് മാറി. ഈ വരുമാനത്തിന്റെ വലിയൊരു പങ്ക് പുതിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും പുതിയ തലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമായി കമ്പനി പുനർനിക്ഷേപിക്കുന്നുണ്ട്.

ആഗോള മെമ്മറി വിപണിയെ മുഴുവൻ എഐ മേഖല അടക്കിഭരിക്കുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. 2028 വരെ സാധാരണ ചിപ്പുകളുടെ ലഭ്യതക്കുറവ് തുടരുമെന്നതിനാൽ ഗാഡ്‌ജെറ്റ് നിർമ്മാതാക്കൾക്ക് അടിസ്ഥാന ഘടകങ്ങൾക്കായി കൂടുതൽ പണം മുക്കേണ്ടിവരും. ഈ ഉയർന്ന ഉത്പാദനച്ചെലവ് അന്തിമമായി ഉപഭോക്താക്കളുടെ തലയിലാകും വന്നുചേരുക. അതിനാൽ, വരും വർഷങ്ങളിൽ പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ കൂടുതൽ വില നൽകാൻ തയ്യാറെടുക്കേണ്ടി വരും.

Tags:    
News Summary - samsung warns about Memory chip shortage and price rise in next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.