പറക്കും ടാക്സിയിൽ യാത്ര സുരക്ഷിതമോ? പുതിയ പരീക്ഷണവുമായി ഐ.ഐ.ടി മദ്രാസിന്റെ ഇ-പ്ലെയ്ൻ

റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആകാശമാർഗം സഞ്ചരിക്കാവുന്ന ടാക്സികൾ വികസിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി ഐ.ഐ.ടി മദ്രാസ്. ഐ.ഐ.ടി മദ്രാസിൽനിന്ന് രൂപംകൊണ്ട ഇ-പ്ലെയ്ൻ കമ്പനി വികസിപ്പിക്കുന്ന ഇ200 എക്സ് എന്ന ഇലക്ട്രിക് പറക്കും ടാക്സിയാണ് ശ്രദ്ധനേടുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏഴ് വ്യത്യസ്ത സുരക്ഷാസംവിധാനങ്ങളാണ് വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹെലികോപ്ടറിനെപ്പോലെ ലംബമായി പറന്നുയരാനും വിമാനത്തെപ്പോലെ മുന്നോട്ടു സഞ്ചരിക്കാനും കഴിയുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇന്ധനത്തിന് പകരം ബാറ്ററിയും ഇലക്ട്രിക് മോട്ടോറുകളും ഉപയോഗിച്ചാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ എയർ ആംബുലൻസായും പിന്നീട് തിരക്കേറിയ നഗരങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്ന എയർ ടാക്സിയായും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

പത്ത് റോട്ടറുകൾ; ഒന്നിന് തകരാർ സംഭവിച്ചാലും യാത്ര തുടരാം

ഇ200എക്സിന് പത്ത് റോട്ടറുകളാണുള്ളത്. ഇതിൽ ആറെണ്ണം വിമാനത്തെ ഉയർത്തുന്നതിനും നാലെണ്ണം മുന്നോട്ടു നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഓരോ റോട്ടറിനും പ്രത്യേക മോട്ടോർ സംവിധാനമുണ്ട്.

ഒരു മോട്ടോറോ റോട്ടറോ പ്രവർത്തനരഹിതമായാലും മറ്റ് സംവിധാനങ്ങളുടെ സഹായത്തോടെ വിമാനം നിയന്ത്രിക്കാനാകുന്ന രീതിയിലാണ് രൂപകൽപനയെന്ന് ഇ-പ്ലെയ്ൻ സ്ഥാപകനും ഐ.ഐ.ടി മദ്രാസ് പ്രഫസറുമായ സത്യ ചക്രവർത്തി വിശദീകരിക്കുന്നു.

ഓരോ മോട്ടോറിനും രണ്ട് സ്വതന്ത്ര വൈദ്യുത കോയിൽ സംവിധാനങ്ങളും രണ്ട് കൺട്രോളറുകളുമുണ്ട്. കൂടാതെ ഓരോ മോട്ടോറിനും രണ്ട് ബാറ്ററി പാക്കുകളിൽനിന്ന് വൈദ്യുതി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഒരു ബാറ്ററിയിൽ തകരാർ സംഭവിച്ചാലും മറ്റൊന്നിലൂടെ പ്രവർത്തനം തുടരാനാകും. ആറ് ലിഫ്റ്റിങ് റോട്ടറുകളിൽ ഒന്ന് പ്രവർത്തനരഹിതമായാൽ ശേഷിക്കുന്ന അഞ്ചെണ്ണം ഉപയോഗിച്ച് വിമാനത്തെ നിയന്ത്രിക്കാം. മുന്നോട്ടുള്ള യാത്രക്കിടെ നാല് പ്രൊപ്പല്ലറുകളിൽ ഒന്ന് തകരാറിലായാലും മറ്റ് മൂന്നെണ്ണം പ്രവർത്തിക്കും. ഒന്നിലധികം റോട്ടറുകൾ ഒരേസമയം തകരാറിലാകുന്ന സാഹചര്യവും മുൻകൂട്ടി കണക്കിലെടുത്താണ് വിമാനത്തിന്റെ രൂപകൽപന. ഇ200എക്സിന് ഇതുവരെ യാത്രക്കാരുമായി വാണിജ്യ സർവിസ് നടത്താനുള്ള സുരക്ഷാ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. ഇന്ത്യയിലെ കാലാവസ്ഥയും വിമാനത്തിന് വെല്ലുവിളിയാണ്.

Tags:    
News Summary - Is it safe to travel in a flying taxi IIT Madras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.