'റഷ്യയും യുക്രെയ്നും ഭരിക്കുന്നത് വനിതകളായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു' -മെറ്റ സി.ഒ.ഒ

വനിതാ ഭരണാധികാരികളുടെ കീഴിലായിരുന്നെങ്കിൽ റഷ്യയും യുക്രെയ്നും യുദ്ധത്തിലേർപ്പെടില്ലായിരുന്നുവെന്ന് മെറ്റയുടെ (META) ചീഫ് ഓപറേറ്റിങ് ഓഫീസറായ (COO) ഷെറിൽ സാൻഡ്‌ബെർഗ് അഭിപ്രായപ്പെട്ടു. ലോകത്തിലെ പകുതി രാജ്യങ്ങളും സ്ത്രീകളാൽ നയിക്കപ്പെട്ടിരുന്നെങ്കിൽ, ലോകം "സുരക്ഷിതവും വളരെയധികം സമ്പന്നവുമാകുമായിരുന്നു" എന്നും സിഎൻബിസിയുടെ ഹാഡ്‌ലി ഗാംബിളിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം രണ്ടാഴ്ച പിന്നിടവേയാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ സി.ഒ.ഒ ഇത്തരം അഭിപ്രായപ്രകടനവുമായി എത്തുന്നത്. 'സ്ത്രീകൾ തലപ്പത്തുള്ള രാജ്യങ്ങൾ ഒരിക്കൽ പോലും യുദ്ധത്തിന് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് അവർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ സ്ത്രീകൾ നയിച്ച പല രാജ്യങ്ങളും പുരുഷന്മാർ ഭരിച്ച രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായും സാൻഡ്‌ബെർഗ് ചൂണ്ടിക്കാട്ടി.

ലിംഗ സമത്വവും തൊഴിൽരംഗത്തെ സ്ത്രീകളുടെ സാന്നിധ്യവുമടക്കമുള്ള വലിയ വെല്ലുവിളികൾ കോവിഡ് മഹാമാരിക്കാലത്ത് വർധിച്ചതായും മെറ്റാ സി.ഒ.ഒ എടുത്തുപറഞ്ഞു. ലോകമെമ്പാടും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം അതിവേഗം കുറഞ്ഞുവരുന്നതായും അവർ ചൂണ്ടിക്കാട്ടി.

'സ്വേച്ഛാധിപതികൾക്ക് സമൂഹ മാധ്യമങ്ങൾ തിരിച്ചടി'യാണെന്നും സാൻഡ്ബെർഗ് അഭിപ്രായപ്പെട്ടു. റഷ്യയിൽ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യാനുള്ള പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ തീരുമാനം ഉദ്ധരിച്ചായിരുന്നു അവരുടെ പരാമർശം. റഷ്യയിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പിൻവലിച്ചത് ആളുകൾക്ക് ചുറ്റുമുള്ള സംഭവങ്ങളെക്കുറിച്ച് അറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അവർ പറഞ്ഞു. ആളുകൾക്ക് ലോകമെമ്പാടുമുള്ള വിശ്വസനീയവും സാധുതയുള്ളതുമായ വിവരങ്ങൾ ലഭിക്കാൻ സോഷ്യൽ മീഡിയ ഉറപ്പാക്കാനും അവർ ആഹ്വാനം ചെയ്തു. റഷ്യൻ അധികാരികളുടെ തീരുമാനം റഷ്യയിലെ ആളുകളുടെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെ കൂടുതൽ വഷളാക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു. 

Tags:    
News Summary - Countries Led By Women Would Not Go Into War Meta says COO Sheryl Sandberg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.