സി.സി.ടി.വിയിൽ നിന്ന് അപ്രത്യക്ഷമാക്കുന്ന 'കോട്ട്' വികസിപ്പിച്ച് ചൈനീസ് വിദ്യാർഥികൾ

ചൈനയിലെ ഒരു കൂട്ടം ബിരുദ വിദ്യാർഥികളാണ് ഞെട്ടിക്കുന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. സുരക്ഷാ ക്യാമറകളിൽ നിന്ന് മനുഷ്യ ശരീരം അപ്രത്യക്ഷമാക്കുന്ന ഒരു 'അദൃശ്യ വസ്ത്രം' തങ്ങൾ വികസിപ്പിച്ചതായി അവർ വെളിപ്പെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനമുള്ള സുരക്ഷാ കാമറകളിൽ നിന്ന് പോലും മനുഷ്യ ശരീരത്തെ മറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള മേൽകോട്ട് പകലും രാത്രിയും ഉപയോഗിക്കാൻ കഴിയുന്നതാണ്.

ഇൻവിസ്ഡിഫൻസ് കോട്ട് (InvisDefense coat) എന്നാണ് വസ്ത്രത്തിന്റെ പേര്. കോട്ട് മനുഷ്യന്റെ കണ്ണുകളിലൂടെ കാണാൻ കഴിയും, എന്നാൽ കാമറകളെ അന്ധമാക്കാൻ കഴിയുന്ന ഒരു പാറ്റേണിൽ മൂടിയ രീതിയിലാണ് കോട്ട് നിർമിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തെ കാമറകളിൽ അദൃശ്യമാക്കാനായി അത്ഭുത വസ്ത്രം രണ്ട് തരം ടെക്നിക്കുകളാണ് പ്രയോഗിക്കുന്നത്. പകൽ സമയത്ത് കാമറാ കണ്ണുകൾ ഒപ്പിയെടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ കോട്ടിനെ​ കസ്റ്റമൈസ്ഡ് പ്രിന്റുകൾ സഹായിക്കും. അതേസമയം, രാത്രിയിൽ ഇൻഫ്രാറെഡ് തെർമൽ ഇമേജിങ്ങിലൂടെ മനുഷ്യരെ തിരിച്ചറിയുന്ന കാമറകളെ ആശയക്കുഴപ്പത്തിലാക്കാനായി കോട്ട് അസാധാരണമായ ഹീറ്റ് സിഗ്നലുകൾ പുറപ്പെടുവിക്കുന്നു.

വുഹാൻ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് സ്‌കൂൾ പ്രൊഫസർ വാങ് ഷെങാണ് പദ്ധതിയുടെ മേൽനോട്ടം വഹിച്ചത്. "ഇപ്പോൾ, പല നിരീക്ഷണ ഉപകരണങ്ങൾക്കും മനുഷ്യശരീരങ്ങളെ എളുപ്പം തിരിച്ചറിയാൻ കഴിയും. റോഡിലെ കാമറകളിലും കാൽനടയാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ട്. സ്മാർട്ട് കാറുകൾക്ക് കാൽനടയാത്രക്കാരെയും അതുപോലെ റോഡുകളും തടസ്സങ്ങളും തിരിച്ചറിയാൻ കഴിയും. ഞങ്ങളുടെ ഇൻവിസ്ഡിഫൻസ് നിങ്ങളെ പകർത്താൻ കാമറയെ അനുവദിക്കും, എന്നാൽ നിങ്ങൾ മനുഷ്യനാണോ എന്ന് അതിന് തിരിച്ചറിയാൻ കഴിയില്ല, " -പ്രൊഫസർ വാങ് പറഞ്ഞതായി സൗത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

വെറും 70 ഡോളറിൽ താഴെയാണ് ഇൻവിസ്ഡിഫൻസ് കോട്ടിന്റെ വില. "ഇൻവിസ് ഡിഫൻസ് യുദ്ധക്കളത്തിലെ ആന്റി - ഡ്രോൺ പോരാട്ടത്തിലോ, മനുഷ്യ-യന്ത്ര ഏറ്റുമുട്ടലിന്റെ സാഹചര്യത്തിലോ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കാം," പ്രൊഫസർ വാങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Chinese students have developed a 'coat' that can disappear from CCTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.