ബീജിങ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ആധിപത്യം ഉറപ്പിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ചൈന. പ്രമുഖ എ.ഐ സ്റ്റാർട്ടപ്പായ 'മാനസ്' ഏറ്റെടുക്കാനുള്ള മെറ്റ പ്ലാറ്റ്‌ഫോംസിന്റെ 2 ബില്യൺ ഡോളറിന്റെ (ഏകദേശം 18,000 കോടിയിലധികം രൂപ) കരാറാണ് ചൈനീസ് അധികൃതർ തടഞ്ഞത്. തങ്ങളുടെ സാങ്കേതിക വിദ്യ അമേരിക്കൻ കമ്പനികളുടെ കൈകളിൽ എത്താതിരിക്കാനുള്ള ചൈനയുടെ കർശന നീക്കത്തിന്റെ ഭാഗമാണിത്.
2025ന്റെ തുടക്കത്തിൽ ലോകത്തിലെ ആദ്യത്തെ 'ജനറൽ എ.ഐ ഏജന്റ്' വികസിപ്പിച്ചെടുത്ത് വാർത്തകളിൽ ഇടംനേടിയ കമ്പനിയാണ് മാനസ്. ഉപയോക്താക്കൾക്ക് വേണ്ടി സങ്കീർണമായ ജോലികൾ സ്വയം ചെയ്യാൻ കഴിവുള്ള സോഫ്റ്റ്‌വെയറാണിത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണെങ്കിലും ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ബീജിങ്ങിലെയും വുഹാനിലെയും വിദഗ്ധരാണ്.
ചൈന വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതിക വിദ്യകൾ സിംഗപ്പൂർ വഴി അമേരിക്കൻ കമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണിതെന്ന് ചൈനീസ് ഗവൺമെന്റ് കരുതുന്നു. സാങ്കേതിക വിദ്യ ചോരുന്നത് തടയാൻ കമ്പനികൾ ഉടൻ തന്നെ ഈ ഇടപാടിൽനിന്ന് പിന്മാറണമെന്ന് ചൈനയുടെ നാഷനൽ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമീഷൻ ഉത്തരവിട്ടു.
അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക യുദ്ധത്തിന്റെ പുതിയ അധ്യായമാണിത്. ചൈനീസ് എ.ഐ കമ്പനികളിൽ അമേരിക്കൻ പണം നിക്ഷേപിക്കുന്നത് ചൈന നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയുടെ ഏറ്റെടുക്കൽ നീക്കം തടഞ്ഞത്. മാനസ് കമ്പനിയുടെ സ്ഥാപകർക്ക് ചൈനയിൽനിന്ന് പുറത്തുപോകുന്നതിനും നിലവിൽ വിലക്കുണ്ട്.
അതേസമയം, ചൈന അമേരിക്കൻ സാങ്കേതിക വിദ്യകൾ മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസും ആരോപിക്കുന്നു. അമേരിക്കൻ എ.ഐ സംവിധാനങ്ങൾ പകർത്താൻ ചൈന വലിയ തോതിൽ ശ്രമം നടത്തുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടികൾ വേണമെന്നും ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച നിർദേശം നൽകിയിരുന്നു. എൻവിഡിയ പോലുള്ള കമ്പനികളുടെ ഹൈ-എൻഡ് ചിപ്പുകൾ ചൈനക്ക് നൽകുന്നത് അമേരിക്കയും തടഞ്ഞിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഈ പോര് ലോക സാങ്കേതിക വിദ്യയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാം. സ്വന്തം രാജ്യത്തെ കണ്ടുപിടുത്തങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് ചോരാതിരിക്കാൻ ചൈനയും അമേരിക്കയും ഒരുപോലെ ജാഗ്രത കാട്ടുന്നത് വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് വഴിയൊരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.