IMAGE: 9to5google

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യയും, ഒന്നാമത് ഈ രാജ്യം

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും മുൻനിരയിലെത്തി ഇന്ത്യ. ഈ വർഷം ആഗോളതലത്തിൽ ഇക്കാര്യത്തിൽ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 233 രാജ്യങ്ങളിലായി ഒരു ജിബി മൊബൈൽ ഡാറ്റക്ക് ഈടാക്കുന്ന ചാർജിനെ കുറിച്ച് പഠിച്ച യു.കെ ആസ്ഥാനമായുള്ള Cable.co.uk എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ റിപ്പോർട്ട്.

0.17 ഡോളറിന് (~ 14 ) ഒരു ജിബി ഡാറ്റ നൽകുന്ന ഇന്ത്യ അഞ്ചാമതാണെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 12 രൂപ ഈടാക്കുന്ന ഫിജിയാണ് നാലാം സ്ഥാനത്ത്. സാൻ മാറിനോ എന്ന രാജ്യം 11.17 രൂപയും രണ്ടാം സ്ഥാനത്തുള്ള ഇറ്റലി ഒരു ജിബിക്ക് 9.57 രൂപയും ഒന്നാമതുള്ള ഇസ്രായേൽ വെറും 3.19 രൂപയുമാണ് ഈടാക്കുന്നത്.

5G സാങ്കേതികവിദ്യയിൽ ഇസ്രായേൽ ആഗോളതലത്തിൽ മുമ്പനാണെന്നും ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജിന്റെ കാര്യത്തിലും ഒന്നാമനായി തുടരുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭൂരിഭാഗം ആളുകളും മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നു, അത് അതിന്റെ ആവശ്യം വർദ്ധിപ്പിക്കുകയും അതിന്റെ ഫലമായി ചെലവ് കുറയുകയും ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2020ൽ യു.കെ സ്ഥാപനം നടത്തിയ പഠനത്തിൽ 7.18 രൂപയുമായി ഇന്ത്യയായിരുന്നു ആഗോളതലത്തിൽ ഒന്നാമൻ. എന്നാൽ, രണ്ട് വർഷം കഴിയുമ്പോൾ നേരെ ഇരട്ടിയായ സ്ഥിതിക്ക് വരും വർഷങ്ങളിൽ അത് ഗണ്യമായി കൂടാനും സാധ്യതയുണ്ട്.

ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ മൊബൈൽ ഡാറ്റയുള്ള അഞ്ച് രാജ്യങ്ങളെ കുറിച്ചും പട്ടികയിൽ പറയുന്നുണ്ട്. 41.06 ഡോളർ (~ 3,200) ഒരു ജിബിക്ക് ഈടാക്കുന്ന സെന്റ് ഹെലേന ഒന്നാം സ്ഥാനത്താണ്. 3,000 രൂപയുള്ള ഫോക്ക്‌ലാൻഡ് ദ്വീപുകളാണ് രണ്ടാമത്. സാവോ ടോം, പ്രിൻസിപെ എന്നീ രാജ്യങ്ങളിൽ 2,350 രൂപയും ടോക്‌ലൗ എന്ന രാജ്യത്ത് 1400 രൂപയും യമനിൽ 1300 രൂപയുമാണ് ഒരു ജിബിക്ക് ഈടാക്കുന്നത്. 

Tags:    
News Summary - Cheapest Country with Low Mobile Data Prices; India in the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.