ചാറ്റ് ജി.പി.ടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെ അമിത ഉപയോഗം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കുതന്നെ വിഘാതമാകുന്നുവെന്ന് പഠനം പറയുന്നു
എന്തിനും ഏതിനും ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അൽപം സൂക്ഷിക്കുന്നത് നല്ലതാണ്. പഠനത്തിലും ജോലിയിലും അമിതമായ ചാറ്റ് ജി.പി.ടി ഉപയോഗം തലച്ചോറിന്റെ സ്വാഭാവിക കഴിവുകളായ ഓർമശക്തി, ചിന്താശേഷി, ക്രിയാത്മകത എന്നിവയെ പരിമിതപ്പെടുത്തും എന്നാണ് പുതിയ കണ്ടെത്തൽ.
അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടേതാണ് പഠനം. ഇന്ന് വിദ്യാർഥികളിൽ നല്ലൊരു ശതമാനവും അസൈൻമെന്റുകളിലും മറ്റ് പാഠ്യ വിഷയങ്ങളിലും ആശ്രയിക്കുന്നത് ഇത്തരം എ.ഐ ടൂളുകളെയാണ്. സഹജമായ കഴിവുകളാണ് ഇതിലൂടെ നശിക്കുന്നത്. മാത്രമല്ല മടിയന്മാരാകുകയും ചെയ്യുന്നു.
ചാറ്റ് ജി.പി.ടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെ അമിത ഉപയോഗം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കുതന്നെ വിഘാതമാകുന്നുവെന്ന് പഠനം പറയുന്നു. അതായത്, സ്വതന്ത്രമായ ചിന്താശേഷി വളർത്തുകയെന്ന ലക്ഷ്യം നടക്കാതെ പോകും എന്ന്.
എ.ഐ ഉപയോഗിച്ചും സ്വന്തം തലച്ചോർ ഉപയോഗിച്ചും തയാറാക്കിയ എഴുത്തുകൾ താരതമ്യം ചെയ്താൽ പലപ്പോഴും ഭാഷാപരമായ ഘടനയും വ്യാകരണവും എ.ഐയിൽ തന്നെയാണ് മികച്ചത്. എന്നാൽ, വിമർശനാത്മകവും കൂടുതൽ പദാവലിയുമുള്ള എഴുത്തുകളാണ് മനുഷ്യൻ സ്വയം എഴുതുന്നവ.
വിഷയമേതായാലും പലപ്പോഴും എ.ഐ ലേഖനങ്ങളുടെ സമീപനം ഒരേ രീതിയിലായിരിക്കും. സാധാരണ പ്രയോഗങ്ങളുടെ ആവർത്തനവും പ്രവചിക്കാൻ പറ്റുന്ന എഴുത്തു രീതികളുമാണ് ഇവക്ക്.
ആധുനിക യുഗത്തിൽ ചാറ്റ് ജി.പി.ടി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെങ്കിലും അമിതമായാൽ ആപത്താണെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.