ചന്ദ്രയാൻ-4 വിക്ഷേപണം 2027ൽ, സമുദ്രയാൻ അടുത്ത വർഷം; ഇന്ത്യ ഗ്ലോബൽ സ്പേസ് പവർഹൗസായി വളരുകയാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-4 ഐ.എസ്.ആർ.ഒ 2027ൽ വിക്ഷേപിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ചന്ദ്രനിൽനിന്ന് മണ്ണിന്റേയും പാറക്കല്ലിന്റേയും സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലേക്ക് എത്തുന്നതാണ് ചന്ദ്രയാൻ-4 ദൗത്യം. അഞ്ച് വ്യത്യസ്ത ഭാഗങ്ങളുള്ള ദൗത്യത്തിന് കുറഞ്ഞത് രണ്ട് വിക്ഷേപണം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ശൂന്യാകാശത്തിൽ എത്തിച്ച് തിരികെ കൊണ്ടുവരുന്ന ഗഗൻയാൻ ദൗത്യം അടുത്ത വർഷം വിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠനം നടത്താനുള്ള ദൗത്യമായ സമുദ്രയാൻ 2026ൽ നടപ്പാക്കും. 6000 മീറ്റർ ആഴത്തിൽ വരെ മുങ്ങാനുള്ള ശേഷിയുള്ളതാകും സമുദ്രയാൻ. കടലിനടിയിലെ ധാതുക്കളും അപൂർവ ലോഹങ്ങളും സമുദ്ര ആവാസവ്യവസ്ഥകളും കണ്ടെത്താൻ സഹായിക്കുന്നതാകും ഈ ദൗത്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും പാരിസ്ഥിതിക സുസ്ഥിരതക്കും സമുദ്രയാൻ നിർണായകമാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗം ബഹുദൂരം മുന്നോട്ടുപോയെന്നും, ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഈ വർഷം തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോംമിത്രയെന്ന റോബോട്ടുമായാണ് പരീക്ഷണ വിക്ഷേപണം. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് സഹായകമാകുന്ന ലോഞ്ച്പാഡ് വൈകാതെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സജ്ജമാകും. നിലവിൽ എട്ട് ബില്യൻ യു.എസ് ഡോളറിന്റെ മൂല്യമുള്ള ഇന്ത്യൻ ബഹിരാകാശ സമ്പദ്വ്യവസ്ഥക്ക്, അടുത്ത ദശകത്തിൽ 44 ബില്യൻ ഡോളറിന്റെ മൂല്യമുണ്ടാകും. ഗ്ലോബൽ സ്പേസ് പവർഹൗസായി ഇന്ത്യ വളരുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Chandrayaan-4 To Launch In 2027: Union Minister Jitendra Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.