ഫ്ലിപ്പ്കാർട്ടിന് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി; കാരണം ഇതാണ്

മാനദണ്ഡങ്ങൾ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന് പിഴ ചുമത്തിയതായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സി.സി.പി.എ). ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ട് പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഫ്ളിപ്കാർട്ടിനോട് സി.സി.പി.എ നിർദ്ദേശിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ​പ്രഷർ കുക്കർ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാർക്ക് ഉണ്ടായിരിക്കണം. പ്രഷർ കുക്കറുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ വിൽപനയ്‌ക്ക് വെയ്ക്കുന്നതിനു മുൻപ് സൂക്ഷ്മപരിശോധന ആവശ്യമാണ്.

ഉൽപന്നത്തിന്റെ ഇൻവോയ്സിൽ പ്രധാനപ്പെട്ട വിവരങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഉത്പന്നങ്ങളെ വേർതിരിക്കണമെന്നും സി.സി.പി.എ നിർദേശിച്ചു. ഇ-കൊമേഴ്‌സ് വിപണിയിലൂടെ ഇത്തരം നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിലൂടെ ഫ്ലിപ്കാർട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രഷർ കുക്കറുകളുടെ വിൽപനയിൽ നിന്ന് ഫ്ലിപ്പ്കാർട്ട് വാണിജ്യപരമായി നേട്ടമുണ്ടാക്കിയെന്നും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സി.സി.പി.എ പറഞ്ഞു.

കാലാകാലങ്ങളിൽ, കേന്ദ്രസർക്കാർ ഗുണനിലവാരം സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കാറുണ്ടെന്നും സി.സി.പി.എ പത്രക്കുറിപ്പിൽ പറഞ്ഞു.

ഉപഭോക്താക്കൾക്കിടയിൽ അവബോധവും ഗുണനിലവാര ബോധവും വളർത്തുന്നതിനായി, കേന്ദ്ര സർക്കാർ ഈ ഉത്തരവുകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇവ ലംഘിക്കുന്നവരുടെ വിൽപന തടയാൻ സിസിപിഎ രാജ്യവ്യാപകമായി ഒരു കാമ്പെയ്‌ൻ ആരംഭിച്ചു. കാമ്പെയ്‌നിന്റെ ഭാഗമായി പരിശോധിക്കുന്ന, ദിവസവും ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ ഹെൽമറ്റ്, ഗാർഹിക പ്രഷർ കുക്കറുകൾ, പാചക വാതക സിലിണ്ടറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

നിലവാരമില്ലാത്ത നിരവധി ഹെൽമെറ്റുകളും പ്രഷർ കുക്കറുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാത്ത 1,435 പ്രഷർ കുക്കറുകളും 1,088 ഹെൽമെറ്റുകളും ബിഐഎസ് പിടിച്ചെടുത്തതായി സി.സി.പി.എ അറിയിച്ചു.

നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് ഓൺലൈൻ വാണിജ്യ രം​ഗത്തെ മറ്റൊരു അതികായനായ ആമസോണിനും അടുത്തിടെ പിഴ ചുമത്തിയിരുന്നു. മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ഉത്പന്നം വിറ്റഴിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനും ഒരു ലക്ഷം രൂപയാണ് ആമസോണിനും സി.സി.പി.എ പിഴയായി ചുമത്തിയത്.

Tags:    
News Summary - CCPA fines Flipkart for allowing sale of substandard domestic pressure cookers on its platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.