'അമ്മയ്ക്ക് ഐഫോൺ വാങ്ങിച്ച് കൊട്'; ആർ.സി.എസ് മെസ്സേജിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് ടിം കുക്കിന്റെ പരിഹാസം

റിച്ച് കമ്യൂണിക്കേഷന്‍ സര്‍വീസ് (ആര്‍സിഎസ്) എന്ന പ്രോട്ടൊകോളിന് വേണ്ടി സഹകരിക്കണമെന്ന അഭ്യർഥനയുമായി കാലങ്ങളായി ആപ്പിളിന് പിറകിൽ കൂടിയിരിക്കുകയാണ് ഗൂഗിൾ. എന്നാൽ, ആപ്പിളും ടിം കുക്കും അത് കണ്ടതായി നടിക്കുന്ന മട്ടില്ല. സ്മാര്‍ട് ഫോണുകളിലുള്ള എസ്എംഎസ് ആപ്പിന് പുതുമോടി നൽകാനും ഐ.ഒ.എസിൽ നിന്ന് ആൻഡ്രോയ്ഡ് ഫോണുകളിലേക്കും തിരിച്ചും സന്ദേശമയക്കൽ മികച്ചതാക്കാനും ആർ.സി.എസ് ടെക്സ്റ്റ് മെസ്സേജിങ് വരുന്നതോടെ സാധിക്കും. വാട്സ്ആപ്പ് പോലുള്ള സന്ദേശമയക്കൽ ആപ്പുകളെ അപ്രസക്തമാക്കാൻ കെൽപ്പുള്ളതാണീ ആർ.സി.എസ് പ്രോട്ടോകോൾ.

ലോകത്ത് ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഓപറേറ്റിങ് സിസ്റ്റങ്ങളാണ് ആൻഡ്രോയ്ഡും ഐ.ഒ.എസും. ഇവർ രണ്ടുപേരും സഹകരിച്ചാൽ മാത്രമാണ് ആർ.സി.എസ് ടെക്സ്റ്റിങ് അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ. ഐ-മെസ്സേജും അതിന്റെ ഉപയോഗവും കാരണം, കാലങ്ങളായി ഐഫോണിൽ തുടരുന്നവരായി അമേരിക്കയിലെ വലിയൊരു വിഭാഗമുണ്ട്. എന്നാൽ, നിലവിൽ ആൻഡ്രോയ്ഡിൽ നിന്ന് ഐ.ഒ.എസിലേക്കുള്ള എസ്.എം.എസ് അയക്കൽ അത്ര സുഖകരമായ കാര്യമല്ല. യൂസർമാർ തന്നെ അതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 

ആൻഡ്രോയ്ഡിൽ നിന്നുള്ള സന്ദേശങ്ങൾക്ക് പച്ച നിറം നൽകുന്ന (ഗ്രീൻ ബബിൾ) ആപ്പിളിന്റെ 'വിഭാഗീയത'ക്കെതിരെയും പരാതികളേറെയാണ്. യു.എസിലെ ആൻഡ്രോയ്ഡ് യൂസർമാർ ഈ വിവേചനം നിർത്താനും ആർ.സി.എസ് പിന്തുണ കൊണ്ടുവരാനും വാദിക്കുന്നുണ്ട്. അവരും വാട്സ്ആപ്പ് പോലുള്ള തേർഡ്-പാർട്ടി ആപ്പുകളേക്കാൾ ഫോണിലെ എസ്.എം.എസ് ആപ്പുകളെയാണ് സന്ദേശമയക്കാനായി ആശ്രയിക്കുന്നത്.


എരിതീയിൽ എണ്ണയൊഴിച്ച് 'കുക്ക്'

കോഡ് കോൺഫറൻസ് 2022-ൽ ഒരു മാധ്യമപ്രവർത്തകൻ ആർ.സി.എസ് സന്ദേശയമക്കലിനെ കുറിച്ച് ടിം കുക്കിനോട് ചോദ്യം ചോദിച്ചു. എന്നാൽ ഐഫോൺ വാങ്ങാനാണ് അദ്ദേഹം നിർദേശിച്ചത്. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾ തമ്മിലുള്ള ആശയവിനിമയം ആപ്പിളിന് എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.

എന്നാൽ, ''അതിന് വേണ്ടി ഊർജ്ജം കളയാൻ മാത്രം നമ്മുടെ യൂസർമാർ അതിനായി ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല''... - ഇങ്ങനെയായിരുന്നു ടിം കുക്കിന്റെ മറുപടി. 'ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന അമ്മയ്ക്ക് തന്റെ ഐഫോണിൽ നിന്ന് ചില വീഡിയോകൾ അയക്കാൻ കഴിയുന്നില്ലെന്നുള്ള മാധ്യമപ്രവർത്തകന്റെ പരാതിക്ക്, "നിങ്ങളുടെ അമ്മയ്ക്ക് ഒരു ഐഫോൺ വാങ്ങി നൽകൂ" എന്നാണ് കുക്ക് പരിഹാസ രൂപണേ മറുപടി നൽകിയത്.

ഐ-മെസ്സേജ് ആൻഡ്രോയ്ഡിന് നൽകാം...


ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഐ-മെസ്സേജ് (iMessage) വാഗ്ദാനം ചെയ്യുന്ന കാര്യം ആപ്പിൾ പരിഗണിച്ചിരുന്നുവെങ്കിലും എപിക് ഗെയിംസുമായുള്ള പ്രശ്നത്തിന്റെ സമയത്ത് ആന്തരിക രേഖകൾ ലീക്കായതോടെ ആ നീക്കം പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്തു. ആൻഡ്രോയിഡിലേക്ക് iMessage പോർട്ട് ചെയ്യുന്നത് "ഞങ്ങളെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും" എന്ന് ആപ്പിളിന്റെ മുൻ മാർക്കറ്റിങ് ചീഫായിരുന്ന ഫിൽ ഷില്ലർ, പറഞ്ഞിരുന്നു.

"ഈ ഘട്ടത്തിൽ" ആപ്പിൾ ആർ.സി.എസിനെ പരിഗണിക്കുന്നില്ലെന്നും എന്നാൽ, ആശയം പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്നുമാണ് ടിം കുക്ക് പറയുന്നത്. എന്തായാലും, ഗ്രീൻ ബബിൾ പ്രശ്‌നം പ്രധാനമായും യുഎസ് കേന്ദ്രീകൃതമാണ്, കാരണം മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കൾ ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, സിഗ്നൽ പോലുള്ള എസ്എംഎസ് ഇതര ആപ്പുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്.

Tags:    
News Summary - 'buy your mom an iPhone'; Tim Cook's response to improving Android texting compatibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.