ന്യൂഡൽഹി: ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയുടെ വളർച്ചയെത്തുടർന്ന് മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് ഉണ്ടായ അമിത വിലവർദ്ധനവ് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ വിലയെയും ബാധിച്ചിരിക്കുകയാണ്. മാക്ബുക്ക്, ഐപാഡ് നിരയിലെ മിക്ക ഉൽപ്പന്നങ്ങളുടെയും വിലയിൽ ആപ്പിൾ ഗണ്യമായ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ വിലവർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് മാക്ബുക്ക് പ്രോ നിരയിലാണ്. ഐപാഡ് നിരയിലും സമാനമായ വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ ഐപാഡ് പ്രോക്ക് 1,39,900 രൂപയും, ഐപാഡ് എയറിന് 89,900 രൂപയും, സാധാരണ ഐപാഡിന് 49,900 രൂപയും, ഐപാഡ് മിനിക്ക് 69,900 രൂപയുമാണ് പ്രാരംഭ വില.
പെട്ടെന്നുണ്ടാ വില വർധനയുമായി ബന്ധപ്പെട്ട് ആപ്പിൾ വിശദീകരണം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമുണ്ടാകാതിരിക്കാൻ ഇത്രയും നാൾ ഈ അധികച്ചെലവ് കമ്പനി തന്നെയാണ് വഹിച്ചിരുന്നതെന്ന് ആപ്പിൾ പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കമ്പനിയെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കുകയായിരുന്നു.എഐ ഡാറ്റാ സെന്ററുകളുടെ അമിതമായ വളർച്ച കാരണം മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. ഘടകങ്ങളുടെ വിലയിൽ ഇത്രയും പെട്ടെന്നുള്ളതും വലുതുമായ വർദ്ധനവ് ചരിത്രത്തിൽ ആദ്യമായാണെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.
എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി വൻതോതിൽ പണം ചെലവാക്കുമ്പോൾ അത് മൊത്തം സാങ്കേതിക മേഖലയിലെ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് കാരണമാകുന്നു. മെമ്മറി ചിപ്പ് വിതരണക്കാർ ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാക്കളേക്കാൾ കൂടുതൽ ലാഭമുള്ള എഐ ഡാറ്റാ സെന്റർ ഉപഭോക്താക്കൾക്കാണ് മുൻഗണന നൽകുന്നത്. ഇതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം.
ട്രെൻഡ് ഫോഴ്‌സിന്റെ കണക്കുപ്രകാരം 2026-ന്റെ ആദ്യ പാദത്തിൽ മാത്രം റാം വില 98 ശതമാനം വർദ്ധിച്ചു. ഈ പാദത്തിൽ ഇത് വീണ്ടും 58 മുതൽ 63 ശതമാനം വരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ ഏപ്രിലിൽ നടന്ന അനലിസ്റ്റുകളുമായുള്ള കോൺഫറൻസ് കോളിൽ മെമ്മറി ചെലവുകൾ വർദ്ധിക്കുന്നത് കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇന്ത്യയിലും വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.