‘ഇന്ത്യയുടെ ധീര ജവാൻമാരെ അപമാനിക്കുന്നു’; ചൈനീസ് ഗെയിം ‘അൺഡോൺ’ നിരോധിക്കാൻ ആഹ്വാനം

അൺ‌ഡോൺ (Undawn) എന്ന ഗെയിമിലൂടെ ഇന്ത്യയിൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചൈനീസ് ഇൻറർനെറ്റ് ഭീമനായ ടെൻസെന്റ്. കേന്ദ്രസർക്കാർ നിരോധനം ഏർ​പ്പെടുത്തിയ ജനപ്രിയ ഗെയിമായ പബ്ജി മൊബൈലിന്റെ പിന്നിലും ടെൻസെന്റായിരുന്നു. എന്നാൽ, ചൈനീസ് ഭീമന്റെ പുതിയ ഗെയിമും നിരോധിക്കാനുള്ള ആഹ്വാനമുയരുകയാണിപ്പോൾ. അൺഡോൺ നിരോധിക്കുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് എൻ.ജി.ഒ പ്രഹാറാണ് കത്തെഴുതിയിരിക്കുന്നത്.

സിംഗപ്പൂരും ആംസ്റ്റർഡാമും ആസ്ഥാനമായ തങ്ങളുടെ അനുബന്ധ സ്ഥാപനമായ ലെവൽ ഇൻഫിനിറ്റ് വഴി ജൂൺ 15-നായിരുന്നു ടെൻസെന്റ് പുതിയ ഓൺലൈൻ ഗെയിം ലോഞ്ച് ചെയ്തത്. എന്നാൽ, ആ ദിവസം തന്നെ ഗെയിം ലോഞ്ച് ചെയ്തത് ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്താനാണെന്നാണ് പ്രഹാർ ആരോപിക്കുന്നത്. ‘ചൈനീസ് ​സൈന്യം ഇന്ത്യൻ ജവാൻമാരെ ആക്രമിച്ച ഗൽവാൻ സംഭവത്തിന്റെ മൂന്നാം വാർഷിക ദിനമായ ജൂൺ 15-നാണ് ഗെയിം ലോഞ്ച് ചെയ്തത്. മാത്രമല്ല, ചൈനീസ് പട്ടാളക്കാർ ധരിച്ച സൈനിക യൂണിഫോമുകളും ഇന്ത്യയുടെ ധീര ജവാൻമാരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും ഗെയിമിൽ അതേപടി ചിത്രീകരിക്കുന്നുണ്ടെന്നും’ അവർ ചൂണ്ടിക്കാട്ടുന്നു.

‘‘സമീപ വർഷങ്ങളിലായി സാങ്കേതിക രംഗത്തെ അധിനിവേശത്തിലൂടെയും വ്യാപാര ആധിപത്യത്തിലൂടെയും ചൈന നമ്മുടെ രാജ്യത്ത് ചെലുത്തുന്ന മൃദു സ്വാധീനത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കേണ്ടതുണ്ട്, ഗൽവാൻ സംഘർഷ സമയത്ത് കണ്ടതുപോലെ, സൈനിക ആക്രമണത്തിന് സാധ്യതയുള്ള സമയങ്ങളിൽ ഈ പ്രശ്നങ്ങൾ പ്രസക്തമാകും, ” -പ്രഹാർ ദേശീയ കൺവീനറും പ്രസിഡന്റുമായ അഭയ് മിശ്ര പറഞ്ഞു. “അൺ‌ഡോൺ ഗെയിമിന്റെ വരവ് ഇന്ത്യയ്ക്കും നമ്മുടെ ധീര സൈനികർക്കും നമ്മുടെ ജനതയ്ക്കും അപമാനമാണ്. ഇത് ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ban Chinese game Undawn in India: NGO to IT Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.