സൈബർ ആക്രമണത്തിൽ നടുങ്ങി ബജാജ് ഓട്ടോ; റാൻസംവെയർ പിടിയിൽ കമ്പനി, വിവരങ്ങൾ ചോർന്നോ?

പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ടെക്നോളജി ലിമിറ്റഡിനെതിരെ സൈബർ ആക്രമണം. കമ്പിനിയുടെ സിസ്റ്റം ഒരു റാൻസംവെയർ ആക്രമണത്തിന് ഇരയായെന്ന് ബജാജ് ഓട്ടോ വെളിപ്പെടുത്തുകയുണ്ടായി. ജൂൺ 23ന് രാവിലെയാണ് സൈബർ ആക്രമണം നടന്നതെന്ന് റെഗുലേറ്ററി ഫയലിങ്ങിൽ കമ്പനി വ്യക്തമാക്കി.

സംഭവം അറിഞ്ഞപ്പോൾ തന്നെ ആക്രമണം നിയന്ത്രിക്കുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനുമായി മുൻകരുതൽ നടപടികളും സുരക്ഷാ പ്രോട്ടോക്കോളും കമ്പനി നടപ്പിലാക്കി. സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ കമ്പനിയുടെ സാങ്കേതിക സംഘവും സൈബർ സുരക്ഷാ വിദഗ്ധരും മാനോജ്മെന്‍റും സുരക്ഷാ നടപടികൾ ആരംഭിച്ചതായി ബജാജ് ഓട്ടോ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വിജയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ബജാജിന്‍റെ മാതൃ കമ്പനിയിലും അതിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ബജാജ് ഓട്ടോ ടെക്ലോളജി ലിമിറ്റഡിന്‍റെ സിസ്റ്റങ്ങളെയും റാൻസംവെയർ ആക്രമണം ബാധിച്ചതായി കമ്പനി പറഞ്ഞു.

ലോകമെമ്പാടും നിരവധി കമ്പനികളാണ് ഇതിനകം റാൻസംവെയർ ആക്രമണങ്ങൾക്ക് ഇരയായത്. ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്ത് ഡാറ്റ ലോക്ക് ചെയ്യുകയോ എൻക്രിപ്റ്റ് ചെയ്യുകയോ ചെയ്യുകയും അത് തിരികെ നൽകാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്ന സൈബർ ആക്രമണമാണ് റാൻസംവെയർ ആക്രമണം.

റാൻസംവെയർ ആക്രമണം കമ്പനിയുടെ ഏതെങ്കിലും സേവനങ്ങളെയോ ഉപഭോക്താക്കളുടെ ഡാറ്റയെയോ ബാധിച്ചോ എന്ന് ബജാജ് വ്യക്തമാക്കിയിട്ടില്ല. ഇത് കമ്പനിയുടെ പ്രവർത്തനത്തെയോ ഉൽപാദനത്തെയോ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടോ എന്നും വെളിപ്പെടുത്തിയിട്ടില്ല. 

Tags:    
News Summary - Bajaj Auto hit by cyber attack; Company hit by ransomware, was data leaked?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.